---
title: "മാനന്തവാടി മട്ടന്നൂർ നാലുവരി പാതയ്ക്ക് എതിരായി ഒരു നിർദേശവും ഉന്നയിച്ചിട്ടില്ല, വിശദീകരണവുമായി സണ്ണി ജോസഫ് എംഎൽഎ"
english_title: "Sunny joseph m L A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81537/sunny-joseph-m-l-a"
published_at: "2022-11-22T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cafd00eff3_Peravoor-MLA-Sunny-Joseph.jpg"
keywords: []
---

# മാനന്തവാടി മട്ടന്നൂർ നാലുവരി പാതയ്ക്ക് എതിരായി ഒരു നിർദേശവും ഉന്നയിച്ചിട്ടില്ല, വിശദീകരണവുമായി സണ്ണി ജോസഫ് എംഎൽഎ

> **Lead Summary:** **കൊട്ടിയൂർ** : മാനന്തവാടി മട്ടന്നൂർ വിമാന താവള റോഡ് നാലു വരി പാതയായി നിർമ്മിക്കുന്നതിന് താൻ എതിരാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് സണ്ണി ജോസഫ് എംഎൽഎ. ഇത്തരമൊരു ആവശ്യം എവിടെയും ഉന്നയിച്ചിട്ടില്ലെന്നും എംഎൽഎ പറയുന്നു. സണ്ണി ജോസഫിന്റെ പ്രസ്താവനയുടെ പൂർണരൂപം. - മാനന്തവാടി മട്ടന്നൂർ വിമാനതാവള റോഡ് 4 വരി പാതയായി നിർമ്മിക്കുന്നതിനെതിരായി യാതൊരു നിർദേശവും അപേക്ഷയും ഞാൻ രേഖാമൂലമോ, വാക്കാലോ സർക്കാരിന്റെയോ, അധികാരികളുടെയോ മുൻപാകെ ഒരിക്കലും ഉന്നയിച്ചിട്ടില്ല.

## Article Content

**കൊട്ടിയൂർ** : മാനന്തവാടി മട്ടന്നൂർ വിമാന താവള റോഡ് നാലു വരി പാതയായി നിർമ്മിക്കുന്നതിന് താൻ എതിരാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് സണ്ണി ജോസഫ് എംഎൽഎ. ഇത്തരമൊരു ആവശ്യം എവിടെയും ഉന്നയിച്ചിട്ടില്ലെന്നും എംഎൽഎ പറയുന്നു. സണ്ണി ജോസഫിന്റെ പ്രസ്താവനയുടെ പൂർണരൂപം. - മാനന്തവാടി മട്ടന്നൂർ വിമാനതാവള റോഡ് 4 വരി പാതയായി നിർമ്മിക്കുന്നതിനെതിരായി യാതൊരു നിർദേശവും അപേക്ഷയും ഞാൻ രേഖാമൂലമോ, വാക്കാലോ സർക്കാരിന്റെയോ, അധികാരികളുടെയോ മുൻപാകെ ഒരിക്കലും ഉന്നയിച്ചിട്ടില്ല.

വിമാനത്താവള റോഡിന്റെ 4 വരി പാതയുടെ അലൈൻമെന്റ് കണ്ണൂർ കലക്ടറുടെ സാന്നിധ്യത്തിലും പിന്നീട് പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ചും ജനപ്രതിനിധികളെയും, സംഘടന പ്രതിനിധികളെയും കാണിച്ച് തത്വത്തിൽ അംഗീകാരം നൽകിയിരുന്നതാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായും ആശാസ്ത്രീയമായും 24മീറ്ററിൽ അധികരിച്ചും കല്ലുകൾ സ്ഥാപിച്ചപ്പോഴാണ് വ്യാപാരികളും, സ്ഥല ഉടമകളും, കെട്ടിട ഉടമകളും ഉൾപ്പെടെയുള്ളവർ പരാതികൾ ഉന്നയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കാണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിലും, കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിലും ചേർന്ന യോഗങ്ങളിൽ ഞാൻ സംബന്ധിക്കുകയും പരാതികൾ കേട്ടതിനു ശേഷം കാര്യങ്ങൾ വിശദീകരിക്കുകയും ന്യായമായ പരാതികൾ പോലും പരിഹരിക്കുന്നതിനു കഴിയുന്നില്ല എന്നത് മനസ്സിലാക്കുകയുമാണ് ചെയ്തിട്ടുള്ളത്.

പേരാവൂരിലും കേളകത്തും ബൈപ്പാസ് റോഡുകൾ വരുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ ബൈപാസ് റോഡുകളില്ലത്ത കാണിച്ചാറിലും കൊട്ടിയൂരിലും ഉയർന്ന ആശങ്കകൾ കേൾക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും രണ്ട് സ്ഥലങ്ങളിലും ഉണ്ടായിട്ടില്ല. രണ്ടു സ്ഥലങ്ങളിലെ യോഗങ്ങളിലും സംസാരിച്ചപ്പോൾ, അവിടെ പരാതിക്കാരുടെ നിലപാടുകളോട് പൂര്‍ണമായും യോജിക്കുവാന്‍ കഴിയുകയില്ല എന്നാണ് ഞാന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ 4 വരിപ്പാതയ്ക്ക് എതിരാണ് ഞാൻ എന്ന് ചിലര്‍ ബോധപൂർവ്വവും മറ്റു ചിലർ തെറ്റിദ്ധാരണയുടെ പുറത്തും പ്രചരിപ്പിക്കുന്നത് ശരിയല്ല.

നാടിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് നല്ല റോഡുകൾ തന്നെയാണ് എന്ന് ഉറച്ച ബോധ്യമാണ് എനിക്കുള്ളത്. 2017ൽ വിമാനത്താവള റോഡിന്റെ ചർച്ചകൾ ആരംഭിച്ച ഘട്ടത്തിൽ സ്ഥലം ലഭ്യത കണക്കിലെടുത്തും ചെലവ് കുറഞ്ഞതും കൂടുതൽ പ്രദേശങ്ങളുടെ വികസന സാധ്യത കണക്കിലെടുത്തും രണ്ടു റോഡുകൾ നിർമ്മിക്കുക എന്ന അഭിപ്രായം ചില സുഹൃത്തുക്കളുമായി ഞാൻ പങ്കുവെച്ചിരുന്നു എന്നാൽ അതിനോട് ആരും തന്നെ യോജിപ്പ് പ്രകടിപ്പിക്കാതിരുന്നതിനാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ഒരു നിർദ്ദേശമായി എവിടെയും ഒരു അധികാരിയുടെ മുന്‍പാകെയും ഒരിക്കലും അവതരിപ്പിച്ചിട്ടില്ല.

രണ്ടു സ്ഥലങ്ങളിലെങ്കിലും ബൈപാസ് വരുന്ന സാഹചര്യത്തില്‍ 4 വരിപ്പാതയുടെ സ്ഥലമെടുപ്പിൽ സഹായിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത് . സർക്കാർ അലൈൻമെന്റ് നിശ്ചയിക്കുന്നതിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു ഏജൻസിയേയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്, അവരുടെ നിർദ്ദേശങ്ങളിലെ പ്രകടമായ അപാകതകൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയതിൽ കണ്ടില്ലെന്നു നടിക്കാൻ കഴിയുകയില്ല. ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളില്‍ ശാസ്ത്രീയയവും, സൗകര്യപ്രദമായ തോതിലുള്ള റോഡ് നിർമ്മാണത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു പരാതികളിൽ പരിഹാരം ഉണ്ടാക്കുവാൻ പഞ്ചായത്ത് പ്രസിഡണ്ട് മാരോടൊപ്പം നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവുമല്ലോ. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണന്ന് ഇതുവഴി അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81537/sunny-joseph-m-l-a)