---
title: "പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവ്"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81589/kochi"
published_at: "2022-11-23T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637d6c60a40a8_Screenshot_20221123-060927_Dailyhunt.jpg"
keywords: []
---

# പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവ്

> **Lead Summary:** **കൊച്ചി :**പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു.

## Article Content

**കൊച്ചി :**പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു.

വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഉത്തരവ്. അതേസമയം ,കേസിലെ ഒന്നാം പ്രതിയായ സി.പി.എം നേതാവ് പീതാംബരനെ വിചാരണക്കോടതിയുടെ അറിവില്ലാതെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റിയതില്‍ ജയില്‍ അധികൃതരെ കോടതി വിമര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി പീതാംബരനെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. ന്യൂറോളജി, സര്‍ജറി വിദഗ്‌ദ്ധരുള്‍പ്പെട്ട ബോര്‍ഡിനാണ് രൂപം നല്‍കേണ്ടത്. തടവുകാരുടെ ക്ഷേമം കോടതിയുടെ ഉത്തരവാദിത്വമാണെന്നും സി.ബി.ഐ കോടതി ജഡ്‌ജി കെ. കമനീസ് വ്യക്തമാക്കി. പീതാംബരന് ആയുര്‍വേദ ചികിത്സ നല്‍കുന്ന കാര്യം കോടതിയെ അറിയിച്ചിരുന്നില്ല.

പീതാംബരന് ആയുര്‍വേദ ചികിത്സ നല്‍കുന്ന വിവരം സി.ബി.ഐയാണ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്‌ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് ഹാജരായി മാപ്പപേക്ഷിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പ്രതിയെ ജയിലില്‍ അടച്ചത്. ആ നിലയ്ക്ക് പ്രതിക്ക് ചികിത്സ നല്‍കുന്ന കാര്യം കോടതിയെ അറിയിക്കണമായിരുന്നു.. ജയില്‍ അധികൃതര്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പ്രതിക്ക് ഉചിതമായ ചികിത്സ നല്‍കാന്‍ കോടതിക്കാണ് ഉത്തരവാദിത്വമെന്നും അധികൃതരെ ഓര്‍മ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81589/kochi)