പൂളക്കുറ്റി: ഉരുൾപൊട്ടൽ ഉണ്ടായി നാശനഷ്ടം നേരിടുകയും ഒരാൾ മരണപ്പെടുകയും ചെയ്ത പൂളക്കുറ്റിമേലെ വെള്ളറ കോളനി നിവാസികൾ പ്രദേശത്തെ ജനകീയ കമ്മിറ്റിക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് ഉരുൾപൊട്ടലിൽ മരണപ്പെട്ട ചന്ദ്രന്റെ വീടിനു സമീപത്തായി കോളനിയിലെ ആളുകൾ ഒത്തുകൂടി ജനകീയ കമ്മിറ്റി നേതാക്കൾക്ക് സ്വീകരണവും ആദരവും ഒരുക്കിയത്.
ഇരുപത്തേഴാം മൈലിലെ ക്വാറിക്കെതിരെ ശക്തമായി നിലകൊണ്ട ജനകീയ കമ്മിറ്റിയെ കോളനി നിവാസികൾ പടക്കം പൊട്ടിച്ചും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് എതിരേറ്റത്. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കി, ഉരുൾപൊട്ടലിനു കാരണം എന്ന് തങ്ങൾ വിശ്വസിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ സംസ്ഥാന ദുരന്തനിവാരണസേന സമർപ്പിച്ച റിപ്പോർട്ട് കോളനിയിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇതുവരെ അനുഭവിച്ച ദുരിതങ്ങൾ മാറി ഇനി സന്തോഷമുള്ള ഒരു കാലം കടന്നു വരുമെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു. അത് അവരുടെ പാട്ടിലും സംസാരത്തിലുമെല്ലാം പ്രകടവുമായിരുന്നു.
രാഷ്ട്രീയം മറന്ന് ക്വാറിക്കെതിരെ സമരം നടത്താൻ മുൻപന്തിയിൽ നിന്ന ജനകീയ സമിതിക്ക് അവർ പാട്ടുപാടിയാണ് നന്ദി അറിയിച്ചത്. വെള്ളറ കോളനിയിലെ പാലുമി കുങ്കൻ പരിപാടി ഉദ്ഘാടനം ചെയ്തു.ബാലൻ പാലൊളി , രജി പി കെ , ബാബു പാലുമി എന്നിവർ സംസാരിച്ചു. ജനകീയ കമ്മിറ്റി കൺവീനർ സതീഷ് മണ്ണാർകുളം, ചെയർമാൻ രാജു വട്ടപ്പറമ്പിൽ , ട്രഷറർ ഷാജി കൈതക്കൽ, ഷിജു നടുക്കുടി, ഷാജി പുല്ലാപറമ്പിൽ, സണ്ണി മരോട്ടുമൂട്ടിൽ തുടങ്ങി നിരവധി ജനകീയ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
Honored