കണ്ണൂർ: തലശ്ശേരിയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ രണ്ട് പ്രതികളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. ആറാം പ്രതി വടക്കുമ്പാട് പാറക്കെട്ട് തെരെക്കാട് പി. അരുൺകുമാർ (38), ഏഴാംപ്രതി പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക.
പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാൻ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രൊഡക്‌ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഒന്നാം പ്രതി പാറായി ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ചത് ആറും ഏഴും പ്രതികളാണ്. ഒന്നാംപ്രതി നിട്ടൂർ വെള്ളാടത്തിൽ ഹൗസിൽ പി. സുരേഷ്ബാബു എന്ന പാറായിബാബു (47), ഒന്നാംപ്രതിയുടെ സഹോദരീഭർത്താവ് രണ്ടാംപ്രതി നിട്ടൂർ ചിറക്കാവിന് സമീപം മുട്ടുങ്കൽ ഹൗസിൽ ജാക്ക്സൺ വിൻസൺ (28), മൂന്നാംപ്രതി നിട്ടൂർ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), നാലാംപ്രതി വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ കെ. മുഹമ്മദ് ഫർസാൻ (21), അഞ്ചാംപ്രതി പിണറായി പടന്നക്കര വാഴയിൽ സുജിത്ത്കുമാർ (45) എന്നിവർ റിമാൻഡിലാണ്.
കഞ്ചാവ് വിൽപ്പനയ്ക്കെതിരേ പ്രവർത്തിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സി.പി.എം. അനുഭാവി നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീഭർത്താവ് സി.പി.എം. നിട്ടൂർ ബ്രാഞ്ച് അംഗം ത്രിവർണ ഹൗസിൽ പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റുമരിച്ചത്. അന്വേഷണസംഘം കണ്ടെടുത്ത കത്തി മരണകാരണമായ പരിക്കിന് പര്യാപ്തമാണെന്ന് മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ മൊഴി നൽകി. കേസിൽ ഇനിയും പ്രതികളുണ്ടാകാനാണ് സാധ്യത.
double murder: Two accused will be taken into custody today