ധർമ്മടം: ധർമ്മടം അണ്ടലൂർ കാവിൽ ഹനുമാൻ സ്വാമിയുടെ പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി. അണ്ടലൂർ കാവിലെ പുനരുദ്ധാരണത്തിന്റെ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായാണ് നിർമ്മാണം ആരംഭിച്ചത്. ശ്രീകോവിലിലെ ശ്രീ ദൈവത്താറീശ്വരൻ്റെയും അങ്കക്കാരൻ്റെയും ദാരു പീoങ്ങൾ ജീർണ്ണത പരിഹരിച്ച് പരമ്പരാഗത രീതിയിൽ വെള്ളി കൊണ്ട് ആവരണം ചെയ്ത് സ്വർണ്ണാലങ്കാരം ചെയ്യുന്നതിനും ഇതോടൊപ്പം തുടക്കമായി.
തിങ്കളാഴ്ച രാവിലെ കാവിൽ പ്രത്യേകം ഒരുക്കിയ പണിശാലയിലാണ് പുതിയ വിഗ്രഹം നിർമ്മിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചത്.വിഗ്രഹനിർമ്മാണം പ്രശസ്ത വാസ്തു ആചാര്യൻ വേഴാപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിൻ്റെയും ഉപദേശ നിർദ്ദേശത്തിലും നേതൃത്വത്തിലും പ്രശസ്ത ശില്പികളായ പറവൂർ സ്വാമിനാഥനും പ്രശാന്ത് ചെറുതാഴവും ചേർന്ന് നിർവഹിച്ചു.
ക്ഷേത്രം തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി, തലശ്ശേരി അസിസ്റ്റൻറ് കമ്മീഷണർ എൻ.കെ. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്,ഭരണ സമിതി അംഗങ്ങൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ക്ഷേത്ര സ്ഥാനികന്മാർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ഉത്സവത്തിന് മുൻപായി പ്രവൃത്തികൾ പൂർത്തീകരിച്ച് പുനപ്രതിഷ്ഠാകർമ്മം നടത്താനാണ് ട്രസ്റ്റി ബോർഡും പുനപ്രതിഷ്ഠാ കമ്മിറ്റിയുടെയും തീരുമാനം.
Andalloor Temple