---
title: "സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെ: മന്ത്രി ശിവന്‍കുട്ടി"
english_title: "Sivan kitty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82514/sivan-kitty"
published_at: "2022-11-29T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385ca5a14821_n4466026401669712422787b47c843335c70c79324ef58763f14b16caa4d2bd89c5d0014c05058057cd0544.jpg"
keywords: []
---

# സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെ: മന്ത്രി ശിവന്‍കുട്ടി

> **Lead Summary:** **കണ്ണൂര്‍**: വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി.കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ കലാപത്തിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി ആരോപിച്ചു. പോലീസ് അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

## Article Content

**കണ്ണൂര്‍**: വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി.കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ കലാപത്തിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി ആരോപിച്ചു. പോലീസ് അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

പോലീസിനെ ആക്രമിക്കുക, അവരുടെ തൊപ്പി, ഷീല്‍ഡ് എന്നിവ നശിപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ അഴിച്ചുവിടുന്നത്. ഒരുവിഭാഗം രാഷ്‌ട്രീയകേന്ദ്രങ്ങളുടെ പിന്തുണ അക്രമികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമരം അനാവശ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ബോധ്യമായ ഘട്ടത്തില്‍ അവരെ ഭീഷണിപ്പെടുത്തി ആരാധനാലയങ്ങളില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച്‌ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ചില പുരോഹിതര്‍ ശ്രമിക്കുകയാണ്.

താനും മന്ത്രിമാരായ ആന്‍റണി രാജു, അബ്ദുറഹ്മാന്‍ എന്നിവരടങ്ങിയ ഉപസമിതി സമരക്കാരുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴിച്ച്‌ മറ്റെല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. തുടര്‍ന്നും സമരം നടന്നുവരികയാണ്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാത്തത് സര്‍ക്കാരിന്‍റെ ദൗര്‍ബല്യമായി കാണരുത്. സമരത്തെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമരക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82514/sivan-kitty)