---
title: "വിഴിഞ്ഞം ആക്രമണം: എന്‍ഐഎ അന്വേഷിക്കും, പോലീസിനോട് റിപ്പോര്‍ട്ട് തേടി"
english_title: "Vizhinjam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82618/vizhinjam"
published_at: "2022-11-30T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386e09b3ef57_n4470309081669783535368afe7f634b568d608a1d56e2e4a962950ef878ee1f863c0a685a9b3869a7e6b20.jpg"
keywords: []
---

# വിഴിഞ്ഞം ആക്രമണം: എന്‍ഐഎ അന്വേഷിക്കും, പോലീസിനോട് റിപ്പോര്‍ട്ട് തേടി

> **Lead Summary:** **തിരുവനന്തപുരം: **വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം.

## Article Content

**തിരുവനന്തപുരം: **വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം.

എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പോലീസിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. അതേസമയം,സംഘര്‍ഷം നടന്ന വിഴിഞ്ഞത്ത് ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സന്ദര്‍ശിക്കും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

ആക്രമണത്തിന്റെ സാഹചര്യത്തില്‍ പ്രദേശത്ത് മദ്യ നിരോധനവും പോലീസിനുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്. പോലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തിയാണ് പ്രത്യേക സുരക്ഷ. പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷന്‍ ആക്രണത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേര്‍ ഇന്നലെ ആശുപത്രിവിട്ടിരുന്നു. അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി ഇന്ന് മാര്‍ച്ച്‌ നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനില്‍ നിന്നുമാണ് മാര്‍ച്ച്‌ തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82618/vizhinjam)