---
title: "ലാഭം ഉറപ്പിക്കാന്‍ കമ്പനികൾ: സിമന്റ് വില കൂട്ടാന്‍ നീക്കം"
english_title: "Ciment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82765/ciment"
published_at: "2022-12-01T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387ef5088d93_n447325240166985297801889b695f8a029a964d1ba06761167d79299b59ffde10817304c1336fb19b43d38.jpg"
keywords: []
---

# ലാഭം ഉറപ്പിക്കാന്‍ കമ്പനികൾ: സിമന്റ് വില കൂട്ടാന്‍ നീക്കം

> **Lead Summary:** **കൊച്ചി: **ഏറെക്കാലമായി നേരിടുന്ന പ്രവര്‍ത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്ബനികള്‍ ഒരുങ്ങുന്നു.

## Article Content

**കൊച്ചി: **ഏറെക്കാലമായി നേരിടുന്ന പ്രവര്‍ത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്ബനികള്‍ ഒരുങ്ങുന്നു.

വിപണിയിലെ വിലത്തകര്‍ച്ച, അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലമുള്ള ഉയര്‍ന്ന ഉത്‌പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്ബനികളുടെ ലാഭത്തെ ബാധിച്ചത്. ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവര്‍ഷം തന്നെ കമ്ബനികള്‍ 3.5 മുതല്‍ 4 ശതമാനം വരെ വിലവര്‍ദ്ധിപ്പിച്ചേക്കുമെന്ന് കെയര്‍എഡ്‌ജ് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ നടപ്പുവര്‍ഷം സിമന്റ് ഡിമാന്‍ഡില്‍ 8-9 ശതമാനം വര്‍ദ്ധനയും കമ്ബനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഗിന് 25-30 രൂപവരെ വിലവര്‍ദ്ധന നടപ്പുവര്‍ഷമുണ്ടാകും.

2020-21വര്‍ഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവര്‍ദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞപാദത്തില്‍ അംബുജ സിമന്റ്‌സിന്റെ ലാഭമാര്‍ജിന്‍ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അള്‍ട്രാടെക്കിന്റേത് 13.4 ശതമാനത്തില്‍ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്‌സിന്റേത് 15.1 ശതമാനത്തില്‍ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്‌ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82765/ciment)