---
title: "ജയിലില്‍ നിയമ ലംഘനം അനുവദിക്കില്ല മുഖ്യമന്ത്രി"
english_title: "Chief minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83264/chief-minister"
published_at: "2022-12-04T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638be544ba831_pinarayi_vijyan_file_1_1200x768-sixteen_nine.jpeg"
keywords: []
---

# ജയിലില്‍ നിയമ ലംഘനം അനുവദിക്കില്ല മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം** : മൊബൈല്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം ഉള്‍പ്പടെ യാതൊരുവിധ നിയമവിരുദ്ധ പ്രവര്‍ത്തനവും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അത്തരം കാര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം** : മൊബൈല്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം ഉള്‍പ്പടെ യാതൊരുവിധ നിയമവിരുദ്ധ പ്രവര്‍ത്തനവും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അത്തരം കാര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ജയില്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റംചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന സാഹചര്യം ജയിലുകളിലുണ്ടാകരുത്. അത്തരം പരാതികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണുന്ന പ്രവണത പാടില്ല. കോടതി ശിക്ഷിക്കുംവരെ അവരെ നിരപരാധികളായി കാണണം. പ്രതികാര മനോഭാവത്തോടെ തടവുകാരെ സമീപിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന ഒന്നായി ജയിലുകള്‍ മാറുന്ന സ്ഥിതിയായിരുന്നു അന്ന്. ഇപ്പോള്‍ ജയിലിനെക്കുറിച്ചുള്ള സങ്കല്‍പ്പം തെറ്റുതിരുത്തല്‍ കേന്ദ്രമെന്നതാണ്. നേരത്തേ കുറ്റവാളികള്‍, തടവുപുള്ളികള്‍ എന്നൊക്കെയാണ് ജയില്‍ കഴിയുന്നവരെപറഞ്ഞിരുന്നത്. ഇപ്പോള്‍ ജയില്‍ അന്തേവാസികള്‍ എന്ന് സംബോധനചെയ്യുന്നതു തന്നെ മാറ്റത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂജപ്പുര ശ്രീചിത്തിര തിരുന്നാള്‍ സ്റ്റേഡിയത്തില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83264/chief-minister)