---
title: "ചെറുപ്പക്കാർക്കൊപ്പം നിൽക്കണം -കെ.സുധാകരനോട് ടി.പത്മനാഭൻ"
english_title: "We should stand with the youth - T. Padmanabhan to K. Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83469/we-should-stand-with-the-youth-t-padmanabhan-to-k-sudhakaran"
published_at: "2022-12-05T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dac83e7c9b_Picsart_22-12-05_13-52-13-163.jpg"
keywords: []
---

# ചെറുപ്പക്കാർക്കൊപ്പം നിൽക്കണം -കെ.സുധാകരനോട് ടി.പത്മനാഭൻ

> **Lead Summary:**  ചെറുപ്പക്കാർക്കൊപ്പം നിൽക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനോട് കഥാകൃത്ത് ടി.പത്മനാഭന്റെ അഭ്യർഥന. ശശി തരൂരിനോടൊപ്പം നിൽക്കണമെന്ന് സൂചന നൽകിയായിരുന്നു ഈ അഭ്യർഥന. കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം ഡി.സി.സി. ഓഫീസിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 ചെറുപ്പക്കാർക്കൊപ്പം നിൽക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനോട് കഥാകൃത്ത് ടി.പത്മനാഭന്റെ അഭ്യർഥന. ശശി തരൂരിനോടൊപ്പം നിൽക്കണമെന്ന് സൂചന നൽകിയായിരുന്നു ഈ അഭ്യർഥന. കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം ഡി.സി.സി. ഓഫീസിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോൺഗ്രസ് ചുരുങ്ങിച്ചുരുങ്ങി വരുന്നതിനെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം തരൂർ വിഷയത്തിലെത്തിയത്. ‘എനിക്ക് കെ.പി.സി.സി. പ്രസിഡന്റ് സുധാകരനോട് ഒരപേക്ഷയുണ്ട്. ദയവുചെയ്ത് നിങ്ങൾ ചെറുപ്പക്കാരുടെ കൂടെ നിൽക്കണം. എന്നെപ്പോലെ ഔട്ട്ഡേറ്റഡായവരോടൊപ്പം നിൽക്കരുത്. തരൂരുമായി ബന്ധപ്പെട്ട തർക്കത്തിൽ മോശമായി നിങ്ങളൊന്നും പറഞ്ഞിട്ടില്ല.

അതിൽ അനുമോദിക്കുന്നു. ചെറുപ്പക്കാരോടൊപ്പം പടനായകനായി നിൽക്കണം. നിന്നുകാണണം. നിങ്ങളിൽനിന്ന് ഞാൻ അത് പ്രതീക്ഷിക്കുന്നു. എനിക്ക് തരൂരിനെ പ്രശംസിച്ചിട്ട്‌ ഒന്നും ലഭിക്കാനില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഒരു പുരുഷാരം കൂടെയുണ്ട്. അവരൊന്നും വ്യാമോഹങ്ങളുമായി വരുന്നവരല്ല. ചെറുപ്പക്കാരാണ്. അധികാരത്തിനു പിറകെ നടക്കുന്നവർ മാറിനിൽക്കണം.

ആകെ ഒരു മുഖ്യമന്ത്രിയേ ഉണ്ടാകൂ. അധികാരമോഹം പാരമ്യത്തിലെത്തിയതാണ് കോൺഗ്രസിന് എല്ലായിടത്തും വിനയായത്. ഇന്ത്യയുടെ രക്ഷയ്ക്കായി കോൺഗ്രസ് ദീർഘകാലമുണ്ടാകണം.’ ഖദറിട്ടതുകൊണ്ടുമാത്രം ഗാന്ധിയനാകില്ല. ലോകത്ത് ഒരു ഗാന്ധിയനേ ഉണ്ടായിട്ടുള്ളൂ. അത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ഒരു ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളൂ. അത് ക്രിസ്തുവാണ്. അദ്ദേഹത്തെ കുരിശിൽ തറച്ചു -ടി.പത്മനാഭൻ പറഞ്ഞു.

ലോകത്ത് എവിടെപ്പോകുമ്പോഴും ഖദർ മാത്രമാണ് ഞാൻ ധരിക്കാറ്. അതൊരു വാശിയാണ്, അഭിമാനമാണ്. ഗാന്ധിപ്രതിമകളും പി.കൃഷ്ണപിള്ളയുടെ പ്രതിമയും ആക്രമിക്കപ്പട്ടതിനെക്കുറിച്ച് പറയുന്നതിനിടെ പത്മനാഭൻ പറഞ്ഞു. എന്റെ ഒരു പ്രതിമയും കഴിഞ്ഞദിവസം സ്ഥാപിച്ചിട്ടുണ്ട്. ഇനി അടി അതിനും കിട്ടുമോ? പത്മനാഭൻ ചോദിച്ചു. കെ.സുധാകരൻ എം.പി. പുരസ്കാരം സമ്മാനിച്ചു. പ്രശസ്തനും പ്രഗല്‌ഭനും നിർഭയനുമായ എഴുത്തുകാരനാണ് ടി.പത്മനാഭനെന്നും അധികാരവർഗത്തിനുമുന്നിൽ ഒരിക്കലും തല കുനിച്ചില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

പിറന്നാൾ സമ്മാനമായി പുരസ്കാരം സമർപ്പിക്കുന്നതായും സുധാകരൻ അറിയിച്ചു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് മംഗളപത്രം സമർപ്പിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ അധ്യക്ഷത വഹിച്ചു. പരശുവയ്ക്കൽ രാധാകൃഷ്ണൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. ടി.ജയകൃഷ്ണൻ, കമ്പറ നാരായണൻ, കെ.രാമകൃഷ്ണൻ, സി.വി.ജലീൽ, ഹരിഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83469/we-should-stand-with-the-youth-t-padmanabhan-to-k-sudhakaran)