കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരായ കേസില്‍ താരം നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാല്‍ കൈവശം വെച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സാധാരണക്കാരനാണ് ഇത്തരത്തില്‍ ആനക്കൊമ്ബ് കൈവശം വെയ്ക്കുന്നതെങ്കില്‍ ഇളവ് അനുവദിക്കുമോ എന്ന് കോടതി സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തു. കേസില്‍ പ്രതിയായതിന് ശേഷമാണ് താരത്തിന് ആനകൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു സാധാരണക്കാരനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ എപ്പോഴെ ജയിലിനുള്ളിലായേനെ എന്നും കോടതി പറഞ്ഞു. എന്നാല്‍ ചരിഞ്ഞ ആനയുടെ കൊമ്ബ് കൈവശം വെച്ചതിനാല്‍ തന്നെ വൈല്‍ഡ് ലൈഫ് ആക്ടിന്റെ ലംഘനമായി കേസിനെ പരിഗണിക്കാനാകില്ല എന്ന് മോഹന്‍ലാലിനായി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആനക്കൊമ്ബ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് താരം ഹൈക്കോടതിയെസമീപിച്ചത്. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്ബുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്ബുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.
Mohanlal