---
title: "സജി ചെറിയാനെതിരെ കേസില്ല, രാജി ധാർമ്മികത കണക്കാക്കി"
english_title: "No case against Saji Cherian, Raji considered moral."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84254/no-case-against-saji-cherian-raji-considered-moral"
published_at: "2022-12-09T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63930feda16e6_Screenshot_2022-12-09-16-06-25-233_com.facebook.katana.jpg"
keywords: []
---

# സജി ചെറിയാനെതിരെ കേസില്ല, രാജി ധാർമ്മികത കണക്കാക്കി

> **Lead Summary:** **തിരുവനന്തപുരം**: സജി ചെറിയാനെതിരെ നിലവിൽ കേസൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അദ്ദേഹം രാജിവെച്ചത് ധാർമ്മികത കണക്കാക്കിയാണ്. മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: സജി ചെറിയാനെതിരെ നിലവിൽ കേസൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അദ്ദേഹം രാജിവെച്ചത് ധാർമ്മികത കണക്കാക്കിയാണ്. മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിപക്ഷം സ്വാഗതം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഗുരുതര പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗടക്കമുള്ള മറ്റ് യുഡിഎഫ് പാർട്ടികളുടെ വഴിയേ കോൺഗ്രസിന് വരേണ്ടി വന്നു. വിഴിഞ്ഞം വിഷയത്തിൽ കൃത്യമായ നിലപാടാണ് ആദ്യം മുതൽ എൽഡിഎഫ് എടുത്തത്.

എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നാൽ അവിടെയും അവർക്ക് തിരിച്ചടിയുണ്ടായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പല വിഷയത്തിലുമുള്ള നിലപാട് സംസ്ഥാനത്തിന് എതിരാണ്. സാമ്പത്തിക രംഗത്ത് ദോഷകരമായ ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തുന്നത്. എന്നാൽ യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84254/no-case-against-saji-cherian-raji-considered-moral)