---
title: "അഞ്ജുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മ; പലതും മകൾ പറഞ്ഞില്ലെന്ന് അച്ഛൻ"
english_title: "Mother Krishnamma said that Anju was brutally beaten by her husband;  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85709/mother-krishnamma-said-that-anju-was-brutally-beaten-by-her-husband"
published_at: "2022-12-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d5601bd4d9_Screenshot_2022-12-17-11-05-18-188_com.facebook.katana.jpg"
keywords: []
---

# അഞ്ജുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മ; പലതും മകൾ പറഞ്ഞില്ലെന്ന് അച്ഛൻ

> **Lead Summary:** **കോട്ടയം**: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭർത്താവ് സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മയും അച്ഛൻ അശോകനും. സൗദിയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്. മൂത്ത കുട്ടിക്ക് ഒപ്പം അഞ്ജുവിനെ മുറിയിലടച്ച് സാജു മർദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു. പലതും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നു അച്ഛൻ അശോകൻ പറഞ്ഞു.

## Article Content

**കോട്ടയം**: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭർത്താവ് സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മയും അച്ഛൻ അശോകനും. സൗദിയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്. മൂത്ത കുട്ടിക്ക് ഒപ്പം അഞ്ജുവിനെ മുറിയിലടച്ച് സാജു മർദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു. പലതും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നു അച്ഛൻ അശോകൻ പറഞ്ഞു.

അച്ഛനമ്മമാരെ വിഷമിപ്പിക്കേണ്ടെന്ന് മകൾ കരുതിയിരിക്കാം. മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണണമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം എംഎൽഎ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മൃതദേഹങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. ഇതിനായി അഞ്ജുവിന്റെ അച്ഛൻ അശോകൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്താണ് മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85709/mother-krishnamma-said-that-anju-was-brutally-beaten-by-her-husband)