---
title: "ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ: തീയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ച് ‘അവതാർ ദ് വേ ഓഫ് വാട്ടർ’ "
english_title: "Avathar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85908/avathar"
published_at: "2022-12-18T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ebd57cd132_IMG-20221218-WA0053.jpg"
keywords: []
---

# ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ: തീയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ച് ‘അവതാർ ദ് വേ ഓഫ് വാട്ടർ’ 

> **Lead Summary:** തീയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ച് ‘അവതാർ ദ് വേ ഓഫ് വാട്ടർ’. വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കുന്ന 'അവതാർ' വലിയ രീതിയിൽ തീയേറ്ററുകളിൽ ആഘോഷിക്കപ്പെടുന്നു. 2009 ൽ തീയേറ്ററുകളിലെത്തിയ 'അവതാർ' ഒന്നാം ഭാഗം ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയ സിനിമയായിരുന്നു.

## Article Content

തീയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ച് ‘അവതാർ ദ് വേ ഓഫ് വാട്ടർ’. വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കുന്ന 'അവതാർ' വലിയ രീതിയിൽ തീയേറ്ററുകളിൽ ആഘോഷിക്കപ്പെടുന്നു. 2009 ൽ തീയേറ്ററുകളിലെത്തിയ 'അവതാർ' ഒന്നാം ഭാഗം ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയ സിനിമയായിരുന്നു.

13 വർഷത്തിനു ശേഷമാണ് ജെയിംസ് കാമറൂൺ അവതാറിന്റെ രണ്ടാം ഭാഗവുമായി വരുന്നത്. ഡിസംബർ 16 ന് സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളും 3D സാങ്കേതികവിദ്യയും ശബ്ദ സംവിധാനങ്ങളും നവീകരിച്ച് 'അവതാർ' പ്രദർശനത്തിന് തയ്യാറെടുത്തിരുന്നു. മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള ‘അവതാർ ദ് വേ ഓഫ് വാട്ടർ' കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ആകർഷിക്കുന്നു. വിസ്മയ കാഴ്ചകളാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമ നൽകുന്നത്. ഓടിടിയിലും മൊബൈൽഫോണിൻ്റെ ചെറിയ സ്ക്രീനിലും സിനിമകൾ കണ്ട്‌ ഒതുങ്ങികൂടിയ വലിയ വിഭാഗം പ്രേക്ഷകരെയും തീയേറ്ററിലേക്ക് തിരിച്ചെത്തിക്കുകയാണ് ഈ ഹോളിവുഡ് സിനിമ. ‘അവതാർ ദ വേ ഓഫ് വാട്ടർ’ നൽകുന്ന മായികലോകം ആസ്വദിച്ചറിയണമെങ്കിൽ പ്രേക്ഷകൻ തീയറ്ററിലെത്തിയേ മതിയാവൂ. അവതാർ രണ്ട ഭാഗം വിവിധ സിനിമാഫോർമാറ്റുകളിലാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ 6 ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അതീവ ശ്രദ്ധയോടെയാണ് ശബ്ദ മിശ്രണം നിർവഹിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾ പ്രാദേശിക ഭാഷയിൽ കാണാൻ താല്പര്യമില്ലാത്തവരാണ് മലയാളികളെങ്കിലും ‘അവതാർ ദ് വേ ഓഫ് വാട്ടർ’ മലയാളം പതിപ്പിന് സ്വീകാര്യത ഏറുകയാണ്. അത്രയും മികവുറ്റ രീതിയിലാണ് ഡബ്ബിങ് നടത്തിയിരിക്കുന്നത്. ഇത്ര മനോഹരമായ രീതിയിൽ മറ്റൊരു ഹോളിവുഡ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൽ ഐമാക്സ്, ഫോർഡിഎക്സ് തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെട്ടിയിട്ടുണ്ട്. റിയൽഡി ത്രിഡി, ഡോൾബി ത്രീഡി, ഐമാക്സ് ത്രീഡി എന്നീ ഫോർമാറ്റുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഒരു സെക്കൻഡിൽ 48 ഫ്രെയിം എന്ന നിരക്കിലുള്ള പതിപ്പുകളും റിലീസിനെത്തിയിട്ടുണ്ട്. പാൻഡോറയിൽ‌ നാവികൾ ആകാശത്തുകൂടി പറന്നുനടക്കുന്നത് വളരെ ഒഴുക്കോടെ കാണാമെന്നതാണ് 48 ഫ്രെയിമിന്റെ പ്രത്യേകത.

ഓറോ 11.1, ഡിടിഎസ് എക്സ്, ഐമാക്സിൽ 12 ട്രാക്ക് ഡിജിറ്റൽ സൗണ്ട്, ഡോൾബി അറ്റ്മോസ്, ഐമാക്സ് 6 ട്രാക്ക്, ഡോൾബി സറൗണ്ട് 7.1 എന്നിങ്ങനെയാണ് ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്. ഫോർമാറ്റുകൾ ഏതായാലും വലിയ സ്‌ക്രീനുകളിൽ ആസ്വദിക്കേണ്ട സിനിമയാണ് അവതാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85908/avathar)