---
title: "കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം തുടങ്ങി"
english_title: "Kunathurpadi Thiruvapana Mahotsavam started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86314/kunathurpadi-thiruvapana-mahotsavam-started"
published_at: "2022-12-20T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a18ce6e2375_Screenshot_2022-12-20-15-47-38-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം തുടങ്ങി

> **Lead Summary:** **കുന്നത്തൂർപാടി**: അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയിൽ പ്രവേശിച്ച് കങ്കാണിയറയിൽ വിളക്ക് തെളിച്ചതോടെ കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റിവെച്ചശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു.

## Article Content

**കുന്നത്തൂർപാടി**: അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയിൽ പ്രവേശിച്ച് കങ്കാണിയറയിൽ വിളക്ക് തെളിച്ചതോടെ കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റിവെച്ചശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു.

കരക്കാട്ടിടം വാണവർ എസ്.കെ. കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കിളില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളും വെടിക്കെട്ടുമായാണ് പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടത്തിയത്. തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ കലശപൂജ ഉൾപ്പെടെയുള്ള കർമങ്ങളും നടത്തി.

പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. ഉത്സവദിനങ്ങളിൽ വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതിന് തിരുവപ്പനയും ഉണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ജനുവരി 16-ന് ഉത്സവം സമാപിക്കും.

വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് ദേവസ്ഥാനത്തേക്ക് പ്രവേശനമുള്ളൂ. പാടിയിലെത്തുന്നവർക്ക് ദിവസവും അന്നദാനമുണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86314/kunathurpadi-thiruvapana-mahotsavam-started)