---
title: "കേരളത്തിന്റെ ജൈവകൃഷി പഠിക്കാൻ റഷ്യന്‍ ദമ്പതിമാര്‍ കണ്ണൂരിലെത്തി "
english_title: "A Russian couple came to Kannur to study Kerala's organic farming"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86317/a-russian-couple-came-to-kannur-to-study-keralas-organic-farming"
published_at: "2022-12-20T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a19076d4746_Picsart_22-12-20_16-01-40-728.jpg"
keywords: []
---

# കേരളത്തിന്റെ ജൈവകൃഷി പഠിക്കാൻ റഷ്യന്‍ ദമ്പതിമാര്‍ കണ്ണൂരിലെത്തി 

> **Lead Summary:** **കണ്ണൂർ**: ജില്ലയിലെ ആദികടലായിയിലെ ഇ.വി.ഹാരിസിന്റെ കൃഷിസ്ഥലത്ത് മണ്ണൊരുക്കുന്നതിന്റെയും ജൈവവളം തയ്യാറാക്കുന്നതിന്റെയും തിരക്കിലാണ് റഷ്യയിൽനിന്നുള്ള ബോഗ്ദാൻ ദ്യോറോവിയും ഭാര്യ അലക്സാൻഡ്രിയ ഷെബോട്ടറേവയും. ഒട്ടും പരിചിതമല്ലാത്ത കേരളത്തിന്റെ കൈക്കോട്ടും കൊടുവാളും അമ്മിക്കുട്ടിയുമൊക്കെ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഇവരുടെ കൈകളിൽ വഴങ്ങി.

## Article Content

**കണ്ണൂർ**: ജില്ലയിലെ ആദികടലായിയിലെ ഇ.വി.ഹാരിസിന്റെ കൃഷിസ്ഥലത്ത് മണ്ണൊരുക്കുന്നതിന്റെയും ജൈവവളം തയ്യാറാക്കുന്നതിന്റെയും തിരക്കിലാണ് റഷ്യയിൽനിന്നുള്ള ബോഗ്ദാൻ ദ്യോറോവിയും ഭാര്യ അലക്സാൻഡ്രിയ ഷെബോട്ടറേവയും. ഒട്ടും പരിചിതമല്ലാത്ത കേരളത്തിന്റെ കൈക്കോട്ടും കൊടുവാളും അമ്മിക്കുട്ടിയുമൊക്കെ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഇവരുടെ കൈകളിൽ വഴങ്ങി.

മണ്ണിലിറങ്ങാൻ മടിക്കുന്ന യുവാക്കളുടെ എണ്ണം കൂടുമ്പോഴാണ് കൃഷിപ്പണി പഠിക്കാൻ റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് ഈ യുവദമ്പതിമാരെത്തിയത്. രാവിലെ എട്ടുമുതൽ ഉച്ചവരെ കൃഷിത്തോട്ടത്തിൽ സജീവമാണ് ഇരുവരും. കേരളത്തിലെ ജൈവകൃഷിയെക്കുറിച്ചറിയാനും പഠിക്കാനുമായാണ് ഇവർ കണ്ണൂർ ജില്ലയിലെ ആദികടലായിലെ ഇ.വി.ഹാരിസിന്റെ കൃഷിയിടത്തിലെത്തിയത്.

വൂഫ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് ഇവർ ഹാരിസിനെക്കുറിച്ചും കൃഷിയെക്കുറിച്ചും അറിഞ്ഞത്. നാട്ടിൽ ജൈവകൃഷി വ്യാപിപ്പിക്കാനും കൃഷിയിൽ സജീവമാകാനുമാണ് ദമ്പതിമാർ ആഗ്രഹിക്കുന്നത്. വാഴപ്പോളയിൽ മണ്ണും വളവും നിറച്ച് വെണ്ടയും പയറും മറ്റും മുളപ്പിച്ച് നട്ടുവളർത്തുന്ന രീതിയൊക്കെ വലിയ താത്പര്യത്തിലാണ് പഠിച്ചെടുക്കുന്നത്.

ഹാരിസിന്റെ തോട്ടത്തിലെ ആട്ടിൻകുട്ടികളും കോഴിയും താറാവുമെല്ലാം ഇവരുടെ കളിക്കൂട്ടുകാരായി. മൂന്നുമാസം ഇവർ ഈ തോട്ടത്തിലുണ്ടാകും. വിത്തിട്ട് മുളച്ച് വിളവെടുത്ത് ഭക്ഷിച്ച് മാത്രമേ ഇരുവരും നാട്ടിലേക്ക് മടങ്ങൂവെന്ന് ഹാരിസ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86317/a-russian-couple-came-to-kannur-to-study-keralas-organic-farming)