---
title: "ചർച്ചയായി 1980, മലയാളികളുടെ പ്രിയ നടൻ ജയൻ മരിച്ചതോ, കൊന്നതോ?"
english_title: "Discussion 1980, Malayalee's favorite actor Jayan dead or killed?"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86318/discussion-1980-malayalees-favorite-actor-jayan-dead-or-killed"
published_at: "2022-12-20T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a194e440553_Screenshot_2022-12-20-16-11-06-21_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ചർച്ചയായി 1980, മലയാളികളുടെ പ്രിയ നടൻ ജയൻ മരിച്ചതോ, കൊന്നതോ?

> **Lead Summary:**  ജയന്റെ മരണം ആധാരമാക്കി പുറത്തിറങ്ങിയ '1980' എന്ന ചരിത്ര നോവൽ വിവാദത്തിൽ. അമതാഭ് ബച്ചൻ മുതൽ പ്രേംനസീർ വരെ,എം.ജി.ആർ മുതൽ മമ്മുട്ടി വരെയുള്ള നായക കഥാപാത്രങ്ങൾ വിവാദത്തിൽ .

## Article Content

 ജയന്റെ മരണം ആധാരമാക്കി പുറത്തിറങ്ങിയ '1980' എന്ന ചരിത്ര നോവൽ വിവാദത്തിൽ. അമതാഭ് ബച്ചൻ മുതൽ പ്രേംനസീർ വരെ,എം.ജി.ആർ മുതൽ മമ്മുട്ടി വരെയുള്ള നായക കഥാപാത്രങ്ങൾ വിവാദത്തിൽ .

> തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂൾ അധ്യാപകൻ ജാക്സൺ മൈക്കിൾ എഴുതിയ കുറിപ്പ്. " 1980 നവംബര്‍ 17ന് മദ്രാസിനടുത്തുള്ള ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജയന്‍ മരിച്ചത് ഇന്നും മലയാളി മറന്നിട്ടില്ല.

അത് മലയാളികളുടെ എക്കാലത്തെയും വലിയ വേദനയാണ്. സംഭവം കഴിഞ്ഞ് നാലു പതിറ്റാണ്ടു പിന്നിട്ട ആ സംഭവം ഒരു മിത്തും കൾട്ടുമായി മാറി. ഇന്നും അതിന്റെ പിന്നിലെ കഥകളും ഉപകഥകളും മലയാളികളെ വേട്ടയാടുന്നു. ജയന്റേത് അപകടമരണമോ കൊലപാതകമോ എന്ന കാര്യം ലോകമൊട്ടാകെ ഇന്നും മലയാളി ചര്‍ച്ചചെയ്യുന്നു. ജയന്റെ മരണത്തിന് നാല്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മലയാളനോവലില്‍ ആ മരണവും കഥയും ഇഞ്ചോടിഞ്ചു വിവരിക്കുന്നു.

കഴിഞ്ഞ ദിവസം മാതൃഭൂമി ബുക്സിലൂടെ പുറത്തുവന്ന 1980 എന്ന നോവലാണ് ഈ പ്രമേയം പറയുന്നത്. ഡ്രാക്കുള, റിപ്പബ്ലിക് തുടങ്ങിയ പോസ്റ്റ് മോഡേണ്‍ ത്രില്ലറുകളിലൂടെയും ഡിറ്റക്ടീവ് പെരുമാള്‍, ഡിറ്റക്ടീവ് ജിബിരീല്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ളയുടെ പുതിയ നോവലാണ് 1980.

പോപ്പുലര്‍ ഡിറ്റക്ടീവ് ഫിക്ഷന്‍ സീരീസായ പെരുമാള്‍ പരമ്പരയുടെ അഞ്ചാമത്തെ പുസ്തകമായാണ് 1980 പുറത്തുവരുന്നത്. നോവലില്‍ സൂപ്പര്‍ സ്റ്റാര്‍ ജഗന്‍ ശങ്കര്‍ എന്ന ജഗന്‍ ജയന്റേതിനു സമാനമായ കോപ്ടര്‍ അപകടത്തിൽ മരിക്കുന്നു. പടയൊരുക്കം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടു ചെയ്യുന്നതിനിടയില്‍ മദ്രാസിനടുത്തുള്ള ചൂളവാരം എയര്‍ സ്ട്രിപ്പില്‍ വച്ചാണ് അപകടം നടക്കുന്നത്.

സംഭവത്തിന് 38 വര്‍ഷത്തിനുശേഷം, ജഗന്റെ കടുത്ത ആരാധകനായ കൃഷ്ണന്‍കുട്ടി താന്‍ മരിക്കുന്നതിനുമുന്‍പ് ഈ രഹസ്യം പുറത്തുവരുത്തണമെന്ന ആഗ്രഹവുമായി പെരുമാളിനെ സമീപിക്കുന്നു. ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ സത്യം പെരുമാൾ കണ്ടെത്തുന്നു. ജയന്റെ ജീവിതത്തെയും മരണത്തെയും ഓരോ അണുവിലും ഓര്‍മിപ്പിക്കുന്ന നോവൽ.

1975 മുതല്‍ 1980കള്‍ വരെയുള്ള ഇന്ത്യന്‍ ജനപ്രിയസിനിമയുടെയും തെന്നിന്ത്യന്‍ സിനിമയുടെയും അതുവഴി, മലയാളസിനിമയുടെയും സമാന്തരചരിത്രമൊരുക്കുന്നുണ്ട്. സുപരിചിതരായ താരങ്ങളുടെ ച്ഛായയില്‍ വാര്‍ന്നുവീഴുന്ന കഥാപാത്രങ്ങളാണ് നോവലിനെ ചരിത്രപരമാക്കുന്നത്. പ്രേം ഫിറോസ്, ബേബി പ്രഭാത്, ഭാസുരേന്ദ്രന്‍ നായര്‍, ലീല, ഭാനുമതി തുടങ്ങിയ മലയാളതാരങ്ങളും മോഹന്‍ ഹാസന്‍, ശശികാന്ത്, ചിരണ്‍ദാസ്, സൗമിനി തുടങ്ങിയ തമിഴ് താരങ്ങളും ആനന്ദ് റായ്, ഇന്ദ്രനീല്‍ ഖന്ന, ശങ്കര്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും പല പ്രമുഖരുടെയും ഓര്‍മകളുണര്‍ത്തുന്നു.

ഹിറ്റ് മേക്കര്‍മാരായ രാമന്‍ നായര്‍, ഹരിദേവ്, പ്രഭ മുതല്‍ മൂകേശ് മുഖര്‍ജിയും ജഗന്മോഹന്‍ ദേശായിയും ഒക്കെ രംഗത്തുവരുന്നു. തെന്നിന്ത്യന്‍ താരവും രാഷ്ട്രീയനേതാവുമായ എം.ജി.ആര്‍. മറ്റൊരു ശക്തമായ കഥാപാത്രമാകുന്നു. ചരിത്രവസ്തുതകള്‍ക്കുമേല്‍ ഫിക്ഷന്‍ പടര്‍ന്നുകയറുന്ന നോവല്‍ ഒരു കാലഘട്ടത്തെയും സിനിമാചരിത്രത്തെയും വരച്ചിടുന്നു. മാതൃഭൂമി ബുക്‌സാണ് നോവല്‍ പുറത്തിറക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86318/discussion-1980-malayalees-favorite-actor-jayan-dead-or-killed)