---
title: "മാക്കൂട്ടം-ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും "
english_title: "Restrictions on entry into Karnataka will continue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8640/restrictions-on-entry-into-karnataka-will-continue"
published_at: "2021-11-03T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182159391300_IMG-20211103-WA0010.jpg"
keywords: []
---

# മാക്കൂട്ടം-ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും 

> **Lead Summary:** ഇരിട്ടി: മാക്കൂട്ടം-ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കുടക് ജില്ലാ ഭരണകൂടം ഈ മാസം 15 വരെ നീട്ടി. കുടക് അസി. കമ്മീഷണർ ചാരുലതാ സോമൻ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നു. പുതിയ തീരുമാനം വന്നതോടെ ചുരം പാത വഴിയുള്ള യാത്രാനിയന്ത്രണം നാലുമാസം പിന്നിട്ടു.

## Article Content

ഇരിട്ടി: മാക്കൂട്ടം-ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കുടക് ജില്ലാ ഭരണകൂടം ഈ മാസം 15 വരെ നീട്ടി. കുടക് അസി. കമ്മീഷണർ ചാരുലതാ സോമൻ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നു. പുതിയ തീരുമാനം വന്നതോടെ ചുരം പാത വഴിയുള്ള യാത്രാനിയന്ത്രണം നാലുമാസം പിന്നിട്ടു.

കേരളത്തിൽ കോവിഡ് നിരക്ക് കുറഞ്ഞുവരികയും സ്കൂളുകളും കോളേജുകളും തുറക്കുകയും ചെയ്തിട്ടും കേളത്തിൽനിന്ന്‌ കുടക് ജില്ലയിൽ എത്തുന്നവർക്കുള്ള നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനം യാത്രക്കാർക്ക് തിരിച്ചടിയായി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കുമ്പോഴാണ് കുടക് ഭരണകൂടം ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. 

നിലവിൽ മാക്കൂട്ടം ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധമാണ്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 കർണാടകത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കാൻ തുടങ്ങിയതോടെ കേരളത്തിൽനിന്നും ചുരം പാത വഴി കർണാടകയിലേക്ക് പോകുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല. വ്യാപാരികളും തോട്ടം തൊഴിലാളികളും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തിൽ ടി.പി.ആർ. നിരക്ക് നോക്കിയുള്ള നിയന്ത്രണമാണ് കുടക് ഭരണകൂടം തുടരുന്നത്.

കുടകിൽ ടി.പി.ആർ. നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. കേരളത്തിലെ ടി.പി.ആർ. നിരക്ക് അഞ്ചിൽ താഴെ എത്തിയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് പരിഗണിക്കേണ്ടൂ എന്ന നിലപാടിലാണ് കുടക് ജില്ലാ ഭരണകൂടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8640/restrictions-on-entry-into-karnataka-will-continue)