---
title: "തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങും: കോളജ് അധികൃതര്‍"
english_title: "All degree certificates awarded in Ayurveda College will be taken back"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86420/all-degree-certificates-awarded-in-ayurveda-college-will-be-taken-back"
published_at: "2022-12-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2a4196d3d4_Screenshot_2022-12-21-11-33-39-58_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങും: കോളജ് അധികൃതര്‍

> **Lead Summary:** **തിരുവനന്തപുരം**: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാന്‍ കോളജ് അധികൃതര്‍. പരീക്ഷ പാസാകാതെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി.

## Article Content

**തിരുവനന്തപുരം**: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാന്‍ കോളജ് അധികൃതര്‍. പരീക്ഷ പാസാകാതെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി.

പരീക്ഷ പാസാകാത്ത 7 പേര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദത്തിലായത്. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിലെ ബിരുദദാന ചടങ്ങില്‍, പരീക്ഷ പാസാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ചടങ്ങില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റ് തിരികെ ഏല്‍പ്പിക്കാന്‍ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്.

മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും തിരികെ വാങ്ങാനാണ് കോളജ് അധികൃതരുടെ തീരുമാനം. സര്‍വകലാശാലയുടെയോ, കോളജിന്റെയോ സീല്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ചടങ്ങില്‍ വിതരണം ചെയ്തത്. എങ്കിലും, സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങാന്‍ വിസി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ നടപടിയെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച കോളജില്‍ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വര്‍ഷ പരീക്ഷ തോറ്റ വിദ്യാര്‍ഥികളും പങ്കെടുത്തത്. പരീക്ഷ പാസാകാത്ത ഏഴ് പേരാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ പ്രതിജ്ഞ ചൊല്ലുകയും വിസിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കയും ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86420/all-degree-certificates-awarded-in-ayurveda-college-will-be-taken-back)