---
title: "കണ്ണൂര്‍ നാലുവയലില്‍ ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു"
english_title: "Two people have been arrested in connection with the death of an 11-year-old girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8684/two-people-have-been-arrested-in-connection-with-the-death-of-an-11-year-old-girl"
published_at: "2021-11-03T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61823ce350634_PicsArt_11-03-01.09.50.jpg"
keywords: []
---

# കണ്ണൂര്‍ നാലുവയലില്‍ ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു

> **Lead Summary:** കണ്ണൂര്‍: നാലുവയലില്‍ ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കുട്ടിയുടെ പിതാവ് അബ്ദുല്‍ സത്താര്‍, കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. 

## Article Content

കണ്ണൂര്‍: നാലുവയലില്‍ ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കുട്ടിയുടെ പിതാവ് അബ്ദുല്‍ സത്താര്‍, കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. 

ഇരുവരെയും ഇന്നലെ വൈകിട്ട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. കുട്ടിക്ക് മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നല്‍കിയെന്ന് ഇവര്‍ പറഞ്ഞതായി സിറ്റി പൊലിസ് കമ്മിഷ്ണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. 

മൂന്നു ദിവസമായി പനി ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്നു ബാലികയെന്നും മന്ത്രവാദ ചികിത്സ മാത്രം നല്‍കിയതാണ് ആരോഗ്യനില വഷളാക്കിയതെന്നുമുള്ള പിതൃസഹോദരന്റെ പരാതിയിലാണു പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പനിയും ശ്വാസംമുട്ടലും കലശലായതിനെതുടര്‍ന്നു താണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മന്ത്രവാദ ചികിത്സയാണ് കുട്ടിക്ക് നല്‍കിയതെന്നും നേരത്തെയും ഈ കുടുംബത്തില്‍ അഞ്ചോളം പേര്‍ സമാന രീതിയില്‍ മരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ കുടുംബാംഗം കൂടിയായ സിറാജ് പടിക്കല്‍ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8684/two-people-have-been-arrested-in-connection-with-the-death-of-an-11-year-old-girl)