---
title: "തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി സമരം നടക്കും,സ്വാഭാവികം: പി. ജയരാജൻ "
english_title: "P. Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87016/p-jayarajan"
published_at: "2022-12-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6d6158e21f_Screenshot_2022-12-24-16-05-19-23_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി സമരം നടക്കും,സ്വാഭാവികം: പി. ജയരാജൻ 

> **Lead Summary:** എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജൻ അത്തരമൊരു റിസോർട്ട് നടത്തുന്നതായി താൻ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

## Article Content

എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജൻ അത്തരമൊരു റിസോർട്ട് നടത്തുന്നതായി താൻ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

നാട്ടിൽ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ താൻ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങൾ പറയുന്ന ആ പ്രദേശത്ത് താൻ പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാർട്ടി കേഡർമാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകൾക്ക് എതിരായ ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കും.

പാർട്ടി യോഗത്തിൽ എത്രയോ ആളുകൾ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാർട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാർട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. സി.പി.എം. കോൺഗ്രസിനെപ്പോലെയോ ബി.ജെ.പിയെ പോലെയോ ഉള്ള പാർട്ടിയല്ല. അടിമുതൽ മുടിവരെ സേവനം മാത്രം ലക്ഷ്യമിട്ടുള്ള കേഡർമാർ ഉള്ള പാർട്ടിയാണ്.

സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാർട്ടി കേഡർമാരിലും വരും. അതിനെതിരെയുള്ള തെറ്റുതിരുത്തൽ രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സ്വാഭാവികമായി തെറ്റായപ്രവണതകളെക്കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87016/p-jayarajan)