---
title: "സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്"
english_title: "Nia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87790/nia"
published_at: "2022-12-29T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad1f7c33ec6_images_-_2022-12-29T103221.537.jpeg"
keywords: []
---

# സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

> **Lead Summary:**  **തിരുവനന്തപുരം: **നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം.

## Article Content

 **തിരുവനന്തപുരം: **നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം.

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ദില്ലിയിൽ നിന്നടക്കമുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടപടികൾ. കേരള പൊലീസും റെയ്ഡുമായി സഹകരിക്കുന്നുണ്ട്. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. കണ്ണൂർ സിറ്റിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് മുസാഫിർ പൂവളപ്പിലിൻ്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.  മട്ടന്നൂർ, വളപട്ടണം, കിഴുത്തള്ളി , കക്കാട്, ന്യൂ മാഹി, കണ്ണൂർ സിറ്റി, അടക്കം ജില്ലയിലെ 9 ഇടങ്ങളിലാണ് പരിശോധന. കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്.

നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.  മേപ്പയൂരിലെ അബ്ദുൾ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു. വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ് എന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥരും പൊലീസും മടങ്ങി. ഈ വർഷം സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87790/nia)