---
title: "ജില്ലയിലെ 14 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ തുടങ്ങി: മന്ത്രി കെ രാജൻ"
english_title: "Digitsl survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87921/digitsl-survey"
published_at: "2022-12-30T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae29901d8bb_images_(28).jpeg"
keywords: []
---

# ജില്ലയിലെ 14 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ തുടങ്ങി: മന്ത്രി കെ രാജൻ

> **Lead Summary:**  ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർ ടി കെ, ഇലക്‌ട്രോണിക് ടോട്ടൽ സ്‌റ്റേഷൻ എന്നിവയുടെ പ്രവർത്തനം തുടങ്ങിയാൽ മാത്രമേ ഡിജിറ്റൽ റീസർവേ ആരംഭിക്കുകയുള്ളൂവെന്നത് തെറ്റായ ധാരണയാണ്. ഡാറ്റാ ശേഖരണത്തോടു കൂടി തന്നെ ഡിജിറ്റൽ റീ സർവേക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.

## Article Content

 ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർ ടി കെ, ഇലക്‌ട്രോണിക് ടോട്ടൽ സ്‌റ്റേഷൻ എന്നിവയുടെ പ്രവർത്തനം തുടങ്ങിയാൽ മാത്രമേ ഡിജിറ്റൽ റീസർവേ ആരംഭിക്കുകയുള്ളൂവെന്നത് തെറ്റായ ധാരണയാണ്. ഡാറ്റാ ശേഖരണത്തോടു കൂടി തന്നെ ഡിജിറ്റൽ റീ സർവേക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആർ ഡി ഒ, ഡെപ്യൂട്ടി കലക്ടർമാർ, ഡെപ്യൂട്ടി ഡയരക്ടേർസ് സർവയർമാർ, തഹസിൽദാർ എന്നിവരുടെ അവലോകന ലോകത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ, ഇരിട്ടി, തലശ്ശേരി എന്നീ താലൂക്കിലെ 14 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. ജില്ലയിൽ 10 ആർ ടി കെ ഉപകരണങ്ങളും രണ്ട് ഇലക്‌ട്രോണിക് ടോട്ടൽ സ്‌റ്റേഷനും ലഭ്യമായിട്ടുണ്ട്. ഡിസംബർ 31നകം പകുതിയിലധികം വില്ലേജുകളിലേക്കും സാമഗ്രികൾ എത്തിക്കും. ജനുവരി 15ഓടെ എല്ലാ വില്ലേജുകളിലേക്കും ആവശ്യത്തിനുള്ള ഉപകരണങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അർഹരായവർക്ക് പട്ടയം പരമാവധി നൽകുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കണം. ആളുകൾ പട്ടയത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകരുത്. മന്ത്രിസഭ വർഷികത്തിന്റെ ഭാഗമായി ഏപ്രിലിൽ ജില്ലയിൽ 10000 പട്ടയങ്ങൾ കൂടി അർഹരായവർക്കു നൽകും. പ്രവൃത്തി പുരോഗമിക്കുന്ന 15 വില്ലേജ് ഓഫീസുകളും ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. രണ്ടും അതിലധികവും പഞ്ചായത്തുകൾ ഒരു വില്ലേജിൽ ഉൾപ്പെട്ട ഇടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പുനർക്രമീകരികണം നടത്തും.

ആറളം ആദിവാസി മേഖല കേന്ദ്രീകരിച്ച് വില്ലേജ് ഓഫീസ് ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87921/digitsl-survey)