---
title: "ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്"
english_title: "Today midnight onwards ksrtc will strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8839/today-midnight-onwards-ksrtc-will-strike"
published_at: "2021-11-04T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618379bf61ba0_Screenshot_20211104_114127.jpg"
keywords: []
---

# ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

> **Lead Summary:** തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

## Article Content

തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സ്‌കൂള്‍ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന. ശമ്പളപരിഷ്‌കരണം നടപ്പാക്കിയാല്‍ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടി വരും അതേ സമയം യൂണിയനുകള്‍ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യര്‍ഥിച്ചു.

സമരം നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മാനേജ്‌മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ 30 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചര്‍ച്ച നടത്താന്‍ സാവകാശം നല്‍കണമെന്നും 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകണം എന്ന് നിര്ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8839/today-midnight-onwards-ksrtc-will-strike)