---
title: "ടൈറ്റാനിയം ജോലി തട്ടിപ്പ്: ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുത്തത് അണ്ടര്‍ സെക്രട്ടറി എന്ന പേരില്‍"
english_title: "TiTanium job scam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88491/tanium-job-scam"
published_at: "2023-01-02T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2bcd858412_Screenshot_2023-01-02-16-38-00-47_a71c66a550bc09ef2792e9ddf4b16f7a.jpg"
keywords: []
---

# ടൈറ്റാനിയം ജോലി തട്ടിപ്പ്: ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുത്തത് അണ്ടര്‍ സെക്രട്ടറി എന്ന പേരില്‍

> **Lead Summary:** **തിരുവനന്തപുരം**: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുത്തത് അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌.അന്തരിച്ച എം വി രാഘവന്‍ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്യാംലാല്‍.

## Article Content

**തിരുവനന്തപുരം**: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുത്തത് അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌.അന്തരിച്ച എം വി രാഘവന്‍ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്യാംലാല്‍.

തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. സെക്രട്ടേറിയേറ്റിലെ ഉന്നതരുമായുള്ള ബന്ധം തട്ടിപ്പിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ വിശ്വാസത്തിലെടുത്തത്.

തട്ടിപ്പില്‍ ഇടനിലക്കാരനായിരുന്ന പ്രേംകുമാര്‍ തഹസില്‍ദാരെന്നായിരുന്നു ഉദ്യോഗാര്‍ഥികളോട് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലില്‍ ശ്യാംലാല്‍ വ്യക്തമായ മറുപടികള്‍ നല്‍കുന്നില്ലെന്ന് അന്വേഷണസംഘം പറയുന്നു. തട്ടിപ്പിലൂടെ ലഭിച്ച ലക്ഷങ്ങള്‍ ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആഡംബര കാറായ ഫോര്‍ച്യൂണര്‍ രണ്ടാം ഭാര്യക്ക് സമ്മാനമായി നല്‍കിയെന്നും കണ്ടെത്തി. പേയാട് സ്വദേശിനിയായ ഇവരുടെ പേരില്‍ സ്ഥലം വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

പേരൂര്‍ക്കടയില്‍ സ്വന്തമായി ജിംനേഷ്യം ആരംഭിച്ചതും തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ നിന്നാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശ്യാംലാലിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ വര്‍ക്ക് അസിസ്റ്റന്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, പ്ലംബിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങിയത്. രണ്ടുലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ ഇത്തരത്തില്‍ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ഇയാള്‍ വാങ്ങിയതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88491/tanium-job-scam)