---
title: "ബഫർസോൺ: ഉപഗ്രഹ സർവ്വേ മുതൽ, ഇപ്പോൾ നടത്തുന്ന ഫീൽഡ് സർവ്വേ വരെ ദുരുദ്ദേശപരമാണെന്ന്  കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി"
english_title: "Bufferzone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88634/bufferzone"
published_at: "2023-01-04T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4cb9a6c872_images_(27).jpeg"
keywords: []
---

# ബഫർസോൺ: ഉപഗ്രഹ സർവ്വേ മുതൽ, ഇപ്പോൾ നടത്തുന്ന ഫീൽഡ് സർവ്വേ വരെ ദുരുദ്ദേശപരമാണെന്ന്  കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി

> **Lead Summary:** ബഫർസോൺ ഉപഗ്രഹ സർവ്വേ മുതൽ, ഇപ്പോൾ നടത്തുന്ന ഫീൽഡ് സർവ്വേ വരെ ദുരുദ്ദേശപരമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി. അപൂർണ്ണമായ ഉപഗ്രഹ സർവ്വേ മാപ്പ്‌ സുപ്രീംകോടതിയിൽ സമർപ്പിക്കാനായി തന്നെ നിർമ്മിച്ചതാണെന്ന് കിഫക്ക് മുന്നേ വ്യക്തമായതാണ്. അതിനാലാണ് ഇതിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെട്ട നിർമ്മിതികളും കൃഷിയിടങ്ങളും ഉടനടി കൃത്യമായി മാപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും, ഇക്കാര്യങ്ങളിൽ സർക്കാരിന്റെ നീക്കങ്ങളിൽ സംശയമുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളിൽ കിഫയുടെ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ച് ഒഴിവാക്കപ്പെട്ട നിർമ്മിതികളുടെ കണക്കെടുപ്പുകൾ ആരംഭിച്ചതും. സർക്കാർ നിർദ്ദേശിച്ച ഫോർമാറ്റിൽ തന്നെ കേളകം പഞ്ചായത്തിൽ ഇപ്രകാരമുള്ള 2150 പരാതികളും, കൊട്ടിയൂർ പഞ്ചായത്തിൽ 1520 പരാതികളും ഇതിനോടകം സർക്കാർ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിന്റെ ഒരു കോപ്പി കിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിലും ഉണ്ട്.

## Article Content

ബഫർസോൺ ഉപഗ്രഹ സർവ്വേ മുതൽ, ഇപ്പോൾ നടത്തുന്ന ഫീൽഡ് സർവ്വേ വരെ ദുരുദ്ദേശപരമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി. അപൂർണ്ണമായ ഉപഗ്രഹ സർവ്വേ മാപ്പ്‌ സുപ്രീംകോടതിയിൽ സമർപ്പിക്കാനായി തന്നെ നിർമ്മിച്ചതാണെന്ന് കിഫക്ക് മുന്നേ വ്യക്തമായതാണ്. അതിനാലാണ് ഇതിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെട്ട നിർമ്മിതികളും കൃഷിയിടങ്ങളും ഉടനടി കൃത്യമായി മാപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും, ഇക്കാര്യങ്ങളിൽ സർക്കാരിന്റെ നീക്കങ്ങളിൽ സംശയമുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളിൽ കിഫയുടെ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ച് ഒഴിവാക്കപ്പെട്ട നിർമ്മിതികളുടെ കണക്കെടുപ്പുകൾ ആരംഭിച്ചതും. സർക്കാർ നിർദ്ദേശിച്ച ഫോർമാറ്റിൽ തന്നെ കേളകം പഞ്ചായത്തിൽ ഇപ്രകാരമുള്ള 2150 പരാതികളും, കൊട്ടിയൂർ പഞ്ചായത്തിൽ 1520 പരാതികളും ഇതിനോടകം സർക്കാർ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിന്റെ ഒരു കോപ്പി കിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിലും ഉണ്ട്.

പക്ഷേ ഈ പരാതികൾ ക്രോഡീകരിക്കാൻ വനം വകുപ്പിനെ തന്നെ ഏൽപ്പിച്ചതിനാൽ തങ്ങളുടെ പരാതികൾ വേണ്ടവിധം പരിഗണിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. സദുദ്ദേശം ആയിരുന്നെങ്കിൽ മൂന്നുമാസം മുമ്പ് പൂർത്തിയാക്കിയ ഈ സർവ്വേ സമയബന്ധിതമായി പുറത്തുവിട്ട് ന്യൂനതകൾ പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. സമയബന്ധിതമായി ഇത് പുറത്തു വിട്ടിരുന്നെങ്കിൽ ഒഴിവാക്കപ്പെട്ട സ്ഥലങ്ങളുടെയും നിർമിതികളുടെയും വിവരങ്ങൾ ശേഖരിക്കാനും, ഫീൽഡ് സർവ്വേ നടത്തുവാനും ആവശ്യത്തിന് സമയം കിട്ടുമായിരുന്നു. ഇപ്പോൾ നടത്തുന്ന ഫീൽഡ് സർവ്വേ കോടതിയിൽ സമർപ്പിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഏഴു ദിവസത്തിനുള്ളിൽ ഫീൽഡ് സർവേ പൂർത്തിയാക്കി ഡാറ്റകൾ ക്രോഡീകരിച്ച് സമർപ്പിക്കാൻ സാധിക്കില്ല എന്നുള്ളത് വസ്തുതയാണ്. ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഓരോ ഇമേജുകളും കൃത്യമായി ജിയോ ടാഗ് ചെയ്യുന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടുന്ന പ്രവർത്തിയാണ്. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ചാണ് ഇത് ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ആദ്യം പുറത്തുവിട്ട ഉപഗ്രഹ സർവേ മാപ്പാണ് സുപ്രീംകോടതിയിൽ പ്രായോഗികമായെങ്കിലും സമർപ്പിക്കാനാവൂ എന്നിരിക്കെ രണ്ടാമതും മൂന്നാമതും മാപ്പുകൾ ഇറക്കി, പഞ്ചായത്തുകളെയും, ജനങ്ങളെയും വട്ടം ചുറ്റിച്ചത് എന്തിനായിരുന്നു?അപൂർണ്ണമായ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക വഴി മലയോര ജനതയെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. ജനത്തെ ഇത്രയധികം ബാധിക്കുന്ന ഒരു വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു വകുപ്പുകളെയും നോക്കുകുത്തികളാക്കി പരാതികൾ സ്വീകരിച്ച് ഡാറ്റകൾ ക്രോഡീകരിക്കുന്നതിന്റെ ചുമതല വനംവകുപ്പിനെ തന്നെ ഏൽപ്പിച്ചത് വഞ്ചനയാണ്. മൂന്നുമാസം പുറത്തുവിടാതെയും, അവസാന നിമിഷം പേരിനു മാത്രം പുറത്തുവിടുകയും, വ്യാപകമായി ഉയർന്ന പരാതികൾ പരിഹരിക്കാനുള്ള സമയം നഷ്ടപ്പെടുത്തി മുൻകൂട്ടി നിശ്ചയിച്ച ഡാറ്റാ സുപ്രീംകോടതിയിൽ എത്തിക്കുന്നത് തീർത്തും ദുരുദ്ദേശപരമാണ്. 2019 ലെ മന്ത്രിസഭാ തീരുമാനവും, അതിനു മാറ്റം വരുത്താത്തതും, ഇപ്പോൾ സമർപ്പിക്കാൻ പോകുന്ന മാപ്പും എല്ലാം ഉപോൽബലകമായ തെളിവുകളാണെന്നും കിഫ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88634/bufferzone)