---
title: "കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച് നിക്ഷേപകർ"
english_title: "Kannur town police station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88916/kannur-town-police-station"
published_at: "2023-01-06T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7d1566c58c_Screenshot_2023-01-06-13-13-28-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച് നിക്ഷേപകർ

> **Lead Summary:** **കണ്ണൂർ:** നിക്ഷേപത്തുക തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത കണ്ണൂർ അർബൻ നിധി ഡയറക്ടർമാരെ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയരംഗങ്ങൾ. തട്ടിപ്പിനിരയായ 25-ഓളം പേരാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്.

## Article Content

**കണ്ണൂർ:** നിക്ഷേപത്തുക തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത കണ്ണൂർ അർബൻ നിധി ഡയറക്ടർമാരെ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയരംഗങ്ങൾ. തട്ടിപ്പിനിരയായ 25-ഓളം പേരാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്.

കേസെടുത്താൽ തങ്ങളുടെ പണം തിരികെ ലഭിക്കുമെന്ന് ഉറപ്പു നൽകാനാകുമോയെന്ന് ഒരു സ്ത്രീ കരഞ്ഞുകൊണ്ട്‌ ചോദിച്ചതോടെ നിക്ഷേപകർ രോഷാകുലരായി. കേസ് വേണ്ടാ, പണം മതിയെന്ന് മറ്റൊരു നിക്ഷേപകൻ വിളിച്ചുപറഞ്ഞു.

ഇതോടെ ഡയറക്ടർമാരെ ചോദ്യംചെയ്യുന്നതിനിടെ ഇൻസ്പെക്ടർ പി.എ.ബിനു മോഹൻ പുറത്തുവന്ന് നിക്ഷേപകരുമായി സംസാരിച്ചു. പരാതി വന്നാൽ കേസെടുക്കും പരാതി വേണ്ടാത്തവർ പുറത്തുനിന്ന്‌ ധാരണയാക്കി പണം വാങ്ങൂ, സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ നിക്ഷേപകരിൽ ചിലർ രോഷാകുലരായി പോലീസുമായി വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരു സ്ത്രീ ആത്മഹത്യാഭീഷണിയും മുഴക്കി.

15 ലക്ഷമാണ് സാർ ഞാൻ നിക്ഷേപിച്ചത്, ഈ ജന്മത്തിൽ അത്രയും പണം ഉണ്ടാക്കാനാവില്ല. പണം കിട്ടിയില്ലെങ്കിൽ ഞാനും കുടുംബവും എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് മറ്റൊരു സ്ത്രീയും പറഞ്ഞു. രംഗം ശാന്തമാക്കാൻ കൂടുതൽ പോലീസുകാർ നിക്ഷേപകരുമായി സംസാരിച്ചു. വൈകിയാണ് നിക്ഷേപകർ പിരിഞ്ഞുപോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88916/kannur-town-police-station)