---
title: "നിക്ഷേപത്തട്ടിപ്പ്: കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ കസ്റ്റഡിയിൽ "
english_title: "2 directors of kannur urban nidhi are in police custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88919/2-directors-of-kannur-urban-nidhi-are-in-police-custody"
published_at: "2023-01-06T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7d3dbb4c0d_Screenshot_2023-01-06-13-24-48-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നിക്ഷേപത്തട്ടിപ്പ്: കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ കസ്റ്റഡിയിൽ 

> **Lead Summary:** കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിന്റെ രണ്ടു ഡയറക്ടർമാർ പോലീസ് കസ്റ്റഡിയിൽ.

## Article Content

കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിന്റെ രണ്ടു ഡയറക്ടർമാർ പോലീസ് കസ്റ്റഡിയിൽ.

തൃശ്ശൂർ വരവൂരിലെ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ (46), മലപ്പുറം ചങ്ങരംകുളം മേലപ്പാട്ട് ഷൗക്കത്തലി (43) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ.ബിനുമോഹനും സംഘവും പയ്യന്നൂരിൽനിന്ന് പിടികൂടിയത്. ഇവരെ കണ്ണൂരിൽ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തു.

ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ പുറത്ത് തട്ടിപ്പിനിരയായവരുടെ പ്രതിഷേധവുമുണ്ടായി. വ്യാഴാഴ്ച 12.30-ന് കണ്ണൂർ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട് ഇവർക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇവർ ഹാജരായില്ല. ഫോൺ പിന്തുടർന്ന പോലീസിന് ഇവർ പയ്യന്നൂരിൽ എത്തിയതായി മനസ്സിലായി.

തുടർന്ന് ടൗൺ ഇൻസ്പെക്ടറും സംഘവും പയ്യന്നൂരിലെത്തി. പോലീസ് എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടിയാണ് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ അർബൻ നിധി ലിമിറ്റഡ് കമ്പനിക്ക് തുടക്കത്തിൽ ഏഴ് ഡയറക്ടർമാരുണ്ടായിരുന്നു.

ചിലർ ഇടയ്ക്കുവെച്ച്‌ പിൻമാറിയതായാണ് പോലീസിനു ലഭിച്ച വിവരം. പിടിയിലായവർക്കുപുറമെ മറ്റു ഡയറക്ടർമാരുണ്ടോ എന്ന അന്വേഷണവും നടക്കുന്നു. അർബൻ നിധിയുടെ അനുബന്ധ സ്ഥാപനമായ എ.ടി.എം. ഓൺലൈൻ ഇടപാട് നടത്തുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്.

3,94,68,964 രൂപ കിട്ടാനുണ്ടെന്ന പരാതികളാണ് ഇതുവരെ പോലീസിൽ എത്തിയത്. 25 പരാതികൾ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്. കോടികളുടെ തട്ടിപ്പാണെന്നതിനാലും വിവിധ പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാലും കേസ് രജിസ്റ്റർചെയ്ത്‌ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.

നിക്ഷേപകർക്ക് പണം തിരിച്ചുനൽകി ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കാൻ അർബൻ നിധി ഡയറക്ടർമാർ ശ്രമം നടത്തുന്നതായി വാർത്ത പ്രചരിച്ചിരുന്നു. കണ്ണൂർ നഗരത്തിൽ പ്ലാസ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘കണ്ണൂർ അർബൻ നിധി’, അനുബന്ധ സ്ഥാപനമായ എ.ടി.എം. (എനി ടൈം മണി) എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതികൾ ലഭിച്ചത്.

സ്ഥാപനം ഇപ്പോൾ അടച്ചിട്ടിരിക്കയാണ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും പലിശയോ മുതലോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് നിക്ഷേപകരുടെ പരാതി.

അർബൻ നിധി, അനുബന്ധ സ്ഥാപനമായ എ.ടി.എം. എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരിൽനിന്ന് പണം വാങ്ങിയിട്ടുള്ളതായും പരാതി ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ പണമോ പലിശയോ ഇതുവരെ തിരിച്ചുനൽകിയിട്ടുമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88919/2-directors-of-kannur-urban-nidhi-are-in-police-custody)