---
title: "ആയുർവേദ എംഡി / എംഎസ്, പിജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം; പ്രവേശനം കേരളീയർക്കു മാത്രം, പ്രായപരിധിയില്ല."
english_title: "Ayurvedic MD / MS and PG diploma courses can be applied "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88922/ayurvedic-md-ms-and-pg-diploma-courses-can-be-applied"
published_at: "2023-01-06T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7d5fc4daf9_WhatsApp_Image_2023-01-05_at_11.59.07_PM.jpeg"
keywords: []
---

# ആയുർവേദ എംഡി / എംഎസ്, പിജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം; പ്രവേശനം കേരളീയർക്കു മാത്രം, പ്രായപരിധിയില്ല.

> **Lead Summary:**  കേരളത്തിലെ സർക്കാർ /എയ്ഡഡ് /സ്വാശ്രയ ആയുർവേദ കോളജുകളിൽ 3–വർഷ എംഡി / എംഎസ് പ്രവേശനത്തിനും 2–വർഷ പിജി ഡിപ്ലോമ പ്രവേശനത്തിനും 9നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഓൾ ഇന്ത്യാ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടി, കേരള എൻട്രൻസ് കമ്മിഷണർ തയാറാക്കിയ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരാകണം.

## Article Content

 കേരളത്തിലെ സർക്കാർ /എയ്ഡഡ് /സ്വാശ്രയ ആയുർവേദ കോളജുകളിൽ 3–വർഷ എംഡി / എംഎസ് പ്രവേശനത്തിനും 2–വർഷ പിജി ഡിപ്ലോമ പ്രവേശനത്തിനും 9നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഓൾ ഇന്ത്യാ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടി, കേരള എൻട്രൻസ് കമ്മിഷണർ തയാറാക്കിയ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരാകണം.

കേന്ദ്ര കൗൺസലിങ്ങിനു നീക്കിവച്ച 15% ഓൾ ഇന്ത്യാ ക്വോട്ട കഴിച്ചുള്ള ബാക്കി സീറ്റുകളിലേക്കാണ് സംസ്ഥാന കൗൺസലിങ്. കേരളീയർക്കു മാത്രമാണ് പ്രവേശനം. പ്രായപരിധിയില്ല. ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും പ്രത്യേകം 50% മാർക്കോടെ ബിഎഎംഎസ് / തുല്യയോഗ്യത വേണം. (പക്ഷേ 1995നു മുൻപു കേരളത്തിലെ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയവർക്ക് തിയറിക്കും പ്രാക്‌ടിക്കലിനും തനതായി 50% മാർക്ക് എന്ന നിബന്ധനയില്ല.)

2022 ഡിസംബർ 31ന് എങ്കിലും ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. ഓൾ ഇന്ത്യാ ആയുഷ് പിജി എൻട്രൻസ് റാങ്ക് നോക്കിയാണ് സിലക്‌ഷൻ. 50-ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ; പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40–ാം പെർസെന്റൈലും ഭിന്നശേഷിക്കാർക്ക് 45–ാം പെർസെന്റൈലും. കേരളസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. സർവീസ് ക്വോട്ടക്കാരടക്കം എല്ലാവരും www.cee.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗം – 500 രൂപ. ജനറൽ ക്വോട്ടയിലേക്കും അപേക്ഷിക്കുന്ന സർവീസ് ക്വോട്ടക്കാർ 1000 രൂപ കൂടുതൽ അടയ്ക്കണം. ഇവർ അപേക്ഷക്കാര്യത്തിലടക്കം വിശേഷ വ്യവസ്ഥകൾ പാലിക്കണം.

സർക്കാർ / എയ്ഡഡ് കോളജ് വിദ്യാർഥികൾക്ക് 45,000 രൂപ പ്രതിമാസ സ്‌റ്റൈപൻഡ് കിട്ടും. വാർഷിക ഫീസ് ഉദ്ദേശം 24,000 രൂപ. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനവും പ്രോസ്പെക്ടസും www.cee.kerala.gov.in എന്ന സൈറ്റിലെ PG Ayurveda - 2022 ലിങ്കിൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88922/ayurvedic-md-ms-and-pg-diploma-courses-can-be-applied)