---
title: "ആലക്കാട് പ്രവർത്തിക്കുന്ന കോൺക്രീറ്റ് - ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ "
english_title: "concrete-tar mixing plant operating in Alakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89042/concrete-tar-mixing-plant-operating-in-alakkad"
published_at: "2023-01-07T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b9323ebb7ca_Picsart_23-01-07_14-11-30-661.jpg"
keywords: []
---

# ആലക്കാട് പ്രവർത്തിക്കുന്ന കോൺക്രീറ്റ് - ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ 

> **Lead Summary:** **കാങ്കോൽ**: ആലപ്പടമ്പ പഞ്ചായത്തിലെ ആലക്കാട് പ്രവർത്തിക്കുന്ന കോൺക്രീറ്റ് - ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദേശീയ പാതാ വികസനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് മുതൽ നീലേശ്വരം വരെ റോഡ് നിർമിക്കാൻ കരാറെടുത്ത കമ്പനിയാണ് പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏഴാം വാർഡായ ആലക്കാട് പ്രവർത്തിക്കുന്ന ടാർ - കോൺക്രീറ്റ് മിക്സിംഗ് പ്ലാൻ്റിനെതിരെയാണ് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നത്.

## Article Content

**കാങ്കോൽ**: ആലപ്പടമ്പ പഞ്ചായത്തിലെ ആലക്കാട് പ്രവർത്തിക്കുന്ന കോൺക്രീറ്റ് - ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദേശീയ പാതാ വികസനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് മുതൽ നീലേശ്വരം വരെ റോഡ് നിർമിക്കാൻ കരാറെടുത്ത കമ്പനിയാണ് പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏഴാം വാർഡായ ആലക്കാട് പ്രവർത്തിക്കുന്ന ടാർ - കോൺക്രീറ്റ് മിക്സിംഗ് പ്ലാൻ്റിനെതിരെയാണ് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നത്.

പൊടിയും രൂക്ഷമായ ഗന്ധവും ശബ്ദമലിനീകരണവും രൂക്ഷമായ സാഹചര്യത്തിലാണ് തങ്ങൾ പ്രക്ഷോഭരംഗത്തിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പ് മുതൽ നീലേശ്വരം വരെ റോഡ് നിർമ്മിക്കാൻ കരാർ എടുത്തിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് പ്ലാൻ്റ്. സമീപവാസികളായ നാലുപേരുടെ പത്തേക്കറോളം വരുന്ന ഭൂമി അഞ്ച് വർഷത്തേക്ക് ലീസിനെടുത്താണ് കമ്പനി പ്രവർത്തിക്കുന്നത്.

പ്ലാൻ്റിനകത്ത് നിരവധി കുഴൽക്കിണറുകളുണ്ടെന്നും ഇതുവഴി ഭൂഗർഭജലമൂറ്റിയെടുക്കുന്നതിനാൽ സമീപത്തെ നിരവധി വീടുകളിലെയും അംഗൻവാടിയിലെയും കുഴൽക്കിണറുകൾ വറ്റിയെന്നും ആക്ഷേപമുണ്ട്. പ്ലാൻ്റിൻ്റെ കോമ്പൗണ്ടിനകത്ത് മലിനജലം കെട്ടിക്കിടക്കുന്നതു മൂലം പ്രദേശത്ത് രൂക്ഷമായ കൊതുകുശല്യമുള്ളതായും നാട്ടുകാർക്ക് പരാതിയുണ്ട്. പൊടി മൂലമുള്ള ശ്വാസം മുട്ട്, ത്വക്ക് രോഗങ്ങൾ, കൊതുക് ശല്യം, ചൊറിച്ചിൽ എന്നിവ കൊണ്ട് പൊറുതി മുട്ടിയതായാണ് നാട്ടുകാർ പറയുന്നത്.

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ സർക്കാർ പുതുതായി കൊണ്ട് വന്ന നിയമം മറയാക്കി 3 വർഷത്തേക്ക് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പ്രവർത്തിക്കാം എന്ന നിലയിലാണ് കമ്പനി നിലവിൽ പ്രവർത്തിക്കുന്നത്. ഓറഞ്ച് കാറ്റഗറി വ്യവസായങ്ങളുടെ ലിസ്റ്റിൽ വരുന്ന കോൺക്രീറ്റ് മിക്സിംഗ് കമ്പനിയുടെ മറവിൽ പഞ്ചായത്തിനെ പോലും കബളിപ്പിച്ചു കൊണ്ടാണ് ടാർ മിക്സിങ് യൂണിറ്റ് പ്രവർത്തിക്കുന്നതെന്നും പറയപ്പെടുന്നു. '

തങ്ങളുടെ ബുദ്ദിമുട്ടുകൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ജനവാസ മേഖലയിൽ നിന്നും കമ്പനിയുടെ പ്രവർത്തനം എത്രയും വേഗത്തിൽ മറ്റൊരിടത്തേക്ക് മാറ്റുക എന്നതാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89042/concrete-tar-mixing-plant-operating-in-alakkad)