---
title: "തിരുവനന്തപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് സ്വകാര്യ ഫാമിൽ, 2000 കോഴികളെയും താറാവിനെയും ഉടൻ കൊല്ലും"
english_title: "bird flu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89090/bird-flu"
published_at: "2023-01-08T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba317c1028f_download_(13).jpeg"
keywords: []
---

# തിരുവനന്തപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് സ്വകാര്യ ഫാമിൽ, 2000 കോഴികളെയും താറാവിനെയും ഉടൻ കൊല്ലും

> **Lead Summary:**  **തിരുവനന്തപുരം**: തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17ാം വാർഡിൽ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

## Article Content

 **തിരുവനന്തപുരം**: തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17ാം വാർഡിൽ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

നൂറുകണക്കിന് താറാവും കോഴിയും ഇവിടെ ചാവുകയും ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങൾക്കും ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങൾക്കുമാണ് രോഗം പടർന്നുപിടിച്ചത്. ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോൾ ആദ്യം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിശദപരിശോധനയ്ക്കായി സാമ്പിൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഫോർ ആനിമൽ ഡിസീസസിലും കൂടുതൽ പരിശോധനയ്ക്കായി ഭോപ്പാലിലും (എൻ.ഐ.എച്ച്.എസ്.എ.ഡി ലാബിൽ) അയച്ചു. അവിടെ നിന്ന് കിട്ടിയ റിസൾട്ട് പോസിറ്റീവ് ആയതിനെത്തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2000 കോഴികളെയും താറാവിനെയും കൊല്ലും. അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ആദ്യ ഘട്ടത്തിൽ 2000 താറാവിനെയും കോഴിയെയുമാണ് കൊല്ലുന്നത്.പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ (വാർഡ് 15) ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 17) പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് (വാർഡ് 7), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരം തുരുത്ത് (വാർഡ് 18) എന്നീ വാർഡുകൾ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റ് അരുമ പക്ഷികൾ എന്നിവയെ കൊന്ന് മുട്ട,ഇറച്ചി,കാഷ്ഠം (വളം), തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടയ്ക്കാവൂർ, കീഴാറ്റിങ്ങൽ,ചിറയിൻകീഴ്,മംഗലപുരം,അണ്ടൂർകോണം,പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്ന് പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വില്പന എന്നിവ നിരോധിച്ചു.

ഈ പഞ്ചായത്തുകളിൽ നിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്ന് മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാകളക്ടർ ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. അതേസമയം പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തുപക്ഷികൾ അസ്വാഭാവികമായി കൂട്ടമായി ചത്ത് പോകുന്ന സാഹചര്യങ്ങളിൽ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ ഓഫീസറും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89090/bird-flu)