---
title: "'സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റി': ഭക്ഷ്യവിഷബാധയേറ്റ് 19 കാരി മരിച്ച സംഭവത്തില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് "
english_title: "Kasergod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89099/kasergod"
published_at: "2023-01-08T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba5b111dd75_Screenshot_20230108-073025_Facebook.jpg"
keywords: []
---

# 'സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റി': ഭക്ഷ്യവിഷബാധയേറ്റ് 19 കാരി മരിച്ച സംഭവത്തില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് 

> **Lead Summary:**  **കാസര്‍കോട്**: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തിൽ പെൺകുട്ടി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വിവരങ്ങൾ കൃത്യസമയത്ത് ആരോഗ്യവിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, അഞ്ജുശ്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടും. ജനുവരി 1 നാണ് അഞ്ജുശ്രീ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

## Article Content

 **കാസര്‍കോട്**: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തിൽ പെൺകുട്ടി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വിവരങ്ങൾ കൃത്യസമയത്ത് ആരോഗ്യവിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, അഞ്ജുശ്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടും. ജനുവരി 1 നാണ് അഞ്ജുശ്രീ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

അന്ന് തന്നെ വീടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ജനുവരി അഞ്ചിന് വീണ്ടും  ചികിത്സ തേടി. ആറാം തിയതി പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.  ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തില്‍ ആശുപത്രി അധികൃതര്‍ എത്തിയിട്ടും ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്. അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടിയിട്ടുണ്ട്. അതിനിടെ, അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89099/kasergod)