---
title: "രാഹുലിനൊപ്പം 3000 കിലോമീറ്റർ പിന്നിട്ട് കണ്ണൂരിലെ ബാൻഡ് ടീം"
english_title: "Band team in Kannur after covering 3000 km with Rahul"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89358/band-team-in-kannur-after-covering-3000-km-with-rahul"
published_at: "2023-01-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf39764bbb_Picsart_23-01-10_10-33-24-125.jpg"
keywords: []
---

# രാഹുലിനൊപ്പം 3000 കിലോമീറ്റർ പിന്നിട്ട് കണ്ണൂരിലെ ബാൻഡ് ടീം

> **Lead Summary:** **ശ്രീകണ്ഠപുരം**: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കണ്ണൂർ നടുവിലെ സർഗധാര ബാൻഡ് ടീം താളമൊഴുക്കി പിന്നിട്ടത് 3000 കിലോമീറ്റർ. 2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്രയിൽ പാറശാലയിൽ നിന്നാണു സംഘം കൂടെ കൂടിയത്. 11 മുതൽ ഭാരത് ജോഡോ യാത്രയിൽ മുഴങ്ങിയത് ഇവരുടെ താളമാണ്. കശ്മീരിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.

## Article Content

**ശ്രീകണ്ഠപുരം**: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കണ്ണൂർ നടുവിലെ സർഗധാര ബാൻഡ് ടീം താളമൊഴുക്കി പിന്നിട്ടത് 3000 കിലോമീറ്റർ. 2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്രയിൽ പാറശാലയിൽ നിന്നാണു സംഘം കൂടെ കൂടിയത്. 11 മുതൽ ഭാരത് ജോഡോ യാത്രയിൽ മുഴങ്ങിയത് ഇവരുടെ താളമാണ്. കശ്മീരിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.

സമാപനവും കഴിഞ്ഞേ ബാൻഡ് ടീം നാട്ടിലേക്കു മടങ്ങുകയുള്ളൂ. ഡൽഹി, ഹരിയാന, പഞ്ചാബ്, കശ്മീർ മേഖലയിലെല്ലാം അതിശൈത്യം തുടരുകയാണ്. അതിനെയെല്ലാം അതിജീവിച്ചാണു സംഘം ഭാരത് ജോഡോ യാത്രയെ അനുഗമിക്കുന്നത്. നടുവിൽ പ്രവർത്തിക്കുന്ന സർഗധാര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ബാൻഡ് ടീം.

പരിപാടിക്കു കിട്ടുന്ന തുകയിൽനിന്ന് ടീമിന്റെ കൂലിയും കഴിച്ചു ബാക്കി സേവന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നു. 2012 ൽ നടുവിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ബാൻഡ് ടീം രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും എല്ലാ കേരള യാത്രകളിലും അണിനിരന്നത് സർഗധാരയാണ്.

ജില്ലാ യാത്രകളിലും നേതാക്കളുടെ പദയാത്രകളിലും സർഗധാര പങ്കെടുത്തിട്ടുണ്ട്. തിരിച്ചു വരുന്ന ബാൻഡ് ടീമിനെ ആഘോഷത്തോടെ സ്വീകരിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. കെ.സമീർ, എം.പി.ഇബ്രാഹിം, കെ.ജെ.പ്രസാദ്, പി.ജെ.സോജൻ, ഇ.ഡി.സജി തുടങ്ങി 17 പേരാണ് രാഹുൽ ഗാന്ധിയുടെ കൂടെ സംഘത്തിലുള്ളത്. പി.അർഷാദാണ് ടീം മാനേജർ. എസ്.മുഹമ്മദ് സാബിറാണ് ക്യാപ്റ്റൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89358/band-team-in-kannur-after-covering-3000-km-with-rahul)