---
title: "ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍"
english_title: "Yesudas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89363/yesudas"
published_at: "2023-01-10T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf8a8193c9_download_(17).jpeg"
keywords: []
---

# ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍

> **Lead Summary:** ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. എണ്‍പത്തിമൂന്നാം വയസിലും തന്റെ സംഗീതയാത്ര തുടരുകയാണ് ഡോ കെ ജെ യേശുദാസ്. മലയാള ചലച്ചിത്ര ലോകത്ത് 62 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡോ. കെ ജെ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് തുടക്കമിടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം.

## Article Content

ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. എണ്‍പത്തിമൂന്നാം വയസിലും തന്റെ സംഗീതയാത്ര തുടരുകയാണ് ഡോ കെ ജെ യേശുദാസ്. മലയാള ചലച്ചിത്ര ലോകത്ത് 62 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡോ. കെ ജെ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് തുടക്കമിടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം.

പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 2017ല്‍ പത്മവിഭൂഷണ്‍, 2002ല്‍ പത്മഭൂഷണ്‍, 1973ല്‍ പത്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം യേശുദാസിനെ ആദരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89363/yesudas)