---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി"
english_title: "Bomb threat at Kannur railway station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89513/bomb-threat-at-kannur-railway-station"
published_at: "2023-01-11T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be1713b9f99_IMG-20230111-WA0002.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി മണിക്കൂറുകൾ സ്റ്റേഷനും പരിസരവും പരിഭ്രാന്തിയിലായി. ബോംബ് സ്‌ക്വാഡ്, ശ്വാനവിഭാഗം ഉൾപ്പെടെ അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്തിയില്ല.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി മണിക്കൂറുകൾ സ്റ്റേഷനും പരിസരവും പരിഭ്രാന്തിയിലായി. ബോംബ് സ്‌ക്വാഡ്, ശ്വാനവിഭാഗം ഉൾപ്പെടെ അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്തിയില്ല.

രാത്രി 8.02-നാണ് കണ്ണൂർ സിറ്റി പോലീസ് കൺട്രോൾ മുറിയിൽ തിരുവനന്തപുരത്തുനിന്ന് മെസേജ് വന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു മെസേജ്. ഉടൻ ബോംബ്-ശ്വാനവിഭാഗവും ടൗൺ പോലീസും എത്തി. റെയിൽവേ സുരക്ഷാസേന, റെയിൽവേ പോലീസ് എന്നിവയുമായി ചേർന്ന് പരിശോധന നടത്തി. സ്റ്റേഷനിലെത്തിയ വണ്ടികളിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സ്റ്റേഷനിലെ 'ബോംബ്' തീവണ്ടി ഗതാഗതത്തെ ബാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ആർ.പി.എഫ്. ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, ടൗൺ എസ്.ഐ. കെ. പുരുഷോത്തമൻ, ബോംബ് സ്‌ക്വാഡ് എസ്.ഐ. എം.സി. ജിയാസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. 

 ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് അടിയന്തരസഹായത്തിനുള്ള എമർജൻസി നമ്പറായ 112-ലേക്കാണ് ഫോൺവിളി വന്നത്. ഇ.ആർ.എസ്.എസ്. (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) പ്രകാരം കോൾ തിരുവനന്തപുരം സർവറിൽ എത്തി. അവിടെനിന്ന് കണ്ണൂർ സിറ്റി പോലീസിലേക്ക് മെസേജ് വരികയായിരുന്നു. 112-ലേക്ക് വിളിച്ച മൊബൈൽനമ്പർ പോലീസ് തിരിച്ചറിഞ്ഞു. ആളെ ചോദ്യം ചെയ്തപ്പോൾ ഈ നമ്പർ കുറച്ച് ദിവസങ്ങളായി വേറൊരാളുടെ കൈയിലാണെന്നാണ് പോലീസിനെ അറിയിച്ചതെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89513/bomb-threat-at-kannur-railway-station)