---
title: "യു.ഡി.എഫ് ഒറ്റക്കെട്ടല്ല, ഭിന്നതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ"
english_title: "UDF is not united but divided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89606/udf-is-not-united-but-divided"
published_at: "2023-01-11T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be792428e57_IMG-20230111-WA0038.jpg"
keywords: []
---

# യു.ഡി.എഫ് ഒറ്റക്കെട്ടല്ല, ഭിന്നതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

> **Lead Summary:** തളിപ്പറമ്പ് : യു.ഡി.എഫ് ഒറ്റക്കെട്ടല്ല, ഭിന്നതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണറാടെ നിലപാടിനെ കോൺഗ്രസ് പിന്തുണയ്ക്കുമ്പോൾ മുസ്ലിം ലീഗും ആർ.എസ്.പിയും നിശിതമായി എതിർക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രക്തസാക്ഷി ധീരജിൻ്റെ സ്മാരക സ്തൂപം അനാഛാദന ചടങ്ങും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

## Article Content

തളിപ്പറമ്പ് : യു.ഡി.എഫ് ഒറ്റക്കെട്ടല്ല, ഭിന്നതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണറാടെ നിലപാടിനെ കോൺഗ്രസ് പിന്തുണയ്ക്കുമ്പോൾ മുസ്ലിം ലീഗും ആർ.എസ്.പിയും നിശിതമായി എതിർക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രക്തസാക്ഷി ധീരജിൻ്റെ സ്മാരക സ്തൂപം അനാഛാദന ചടങ്ങും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

ധീരജ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കെ.എസ്.യുക്കാർക്കുൾപ്പെടെ ഇഷ്ടപ്പെട്ട ധീരജിനെ കൊല്ലുക എന്നത് ക്യാംപസിൽ ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പുറമെ നിന്നും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ധീരജിൻ്റെത്. രക്തസാക്ഷികളുടെ എണ്ണം കൂടി വന്നപ്പോഴും എസ്.എഫ്.ഐ എന്ന പ്രസ്ഥാനം പിന്നോട്ട് പോയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടങ്ങളിലും എതിരില്ലാത്ത രീതിയിൽ എസ്.എഫ്.ഐ വളർന്നു വരികയാണ്.

ഗവർണറുടെ നിലപാടുകൾക്കെതിരായി വിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കാൻ നടന്ന ജനകീയ സമരത്തിനു മുമ്പിൽ ഗവർണറുടെ വായ്ത്താരി തകരുന്ന ചിത്രമാണ് കേരളത്തിൽ കാണുന്നത്. ജനകീയ പ്രതിഷേധത്തിന് ശേഷം ഗവർണർക്ക് പഴയ ഊർജ്ജം ഇല്ല. ഇനി അതുണ്ടാകില്ല. ജനങ്ങളാണ് അവസാന വാക്ക്. ഗവർണറുടെ നിലപാടിനെ എതിർക്കുന്നതിലും കെ.റെയിലിൻ്റെയും വിഴിഞ്ഞം സമരത്തിൻ്റെയും കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നതയാണ്. നിലപാടുകളെ പിന്തുണയ്ക്കുന്നത് മുന്നണിയിലേക്കുള്ള ക്ഷണമല്ല. മുന്നണിയുടെ ധാരണയ്ക്ക് അനുസരിച്ചല്ലാതെ പാർട്ടികളെ ചേർക്കാനാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സി.പി.എം ഏരിയാ സെക്രട്ടറി കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.വി ജയരാജൻ, മയൂഖ് വിശ്വാസ്, വൈഷ്ണവ് മഹേന്ദ്രൻ, എം.വി രാജേഷ്, ജയിംസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. സ്.എഫ്.ഐയുടെ നേതൃത്വത്തിൽ വൈറ്റ് വളണ്ടിയർമാർ ദീപശിഖയേന്തി അണിനിരന്ന മാർച്ച് ചിറവക്കിൽ നിന്നും ആരംഭിച്ച് ധീരജ് സ്മാരക സ്തൂപത്തിന് സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89606/udf-is-not-united-but-divided)