---
title: "ബെംഗളൂരു–മൈസൂരു പത്തുവരിപ്പാത, പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും"
english_title: "Modi will inaugurate the Bengaluru-Mysore 10-lane road modi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89875/modi-will-inaugurate-the-bengaluru-mysore-10-lane-road"
published_at: "2023-01-12T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0121e1d1cc_alappuzha-national-highway.jpg"
keywords: []
---

# ബെംഗളൂരു–മൈസൂരു പത്തുവരിപ്പാത, പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ:** ബെംഗളൂരു – മൈസൂരു വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പത്തുവരിപ്പാത കണ്ണൂരിന്റെ വികസനത്തിലേക്കു കൂടിയാണ് വഴി തുറക്കുക. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണു മുന്നിലുള്ള കടമ്പ.

## Article Content

**കണ്ണൂർ:** ബെംഗളൂരു – മൈസൂരു വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പത്തുവരിപ്പാത കണ്ണൂരിന്റെ വികസനത്തിലേക്കു കൂടിയാണ് വഴി തുറക്കുക. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണു മുന്നിലുള്ള കടമ്പ.

മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയം കുറയും.കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ മേഖലയ്ക്കുമെല്ലാം ഇത് ഗുണകരമാകും.

കണ്ണൂർ വിമാനത്താവളത്തിന്റെയും അഴീക്കൽ തുറമുഖത്തിന്റെയുമെല്ലാം സൗകര്യങ്ങൾ ഉപയോഗിക്കാൻ കുടക് മേഖലയിലുള്ളവർക്കും സാധിക്കുമെന്നതിനാൽ കുടക് മേഖലയിലെ ജനപ്രതിനിധികളും വ്യാപാര–വ്യവസായ–വിനോജസഞ്ചാര രംഗത്തുള്ളവരും പദ്ധതിക്ക് അനുകൂലമാണ്.മടിക്കേരി – മൈസൂരു ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. 3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത.ഇതിന്റെ തുടർച്ചയായി മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി 2021 ഡിസംബറിൽ മൈസൂരു–കുടക് എംപി പ്രതാപ് സിംഹ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. മേലേച്ചൊവ്വ – മൈസൂരു റോഡിലെ കേരളത്തിൽ ഉൾപ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയർത്താൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു.കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിനു മുൻപ് 2017 ജൂലൈയിൽ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.

4 വർഷത്തിനുശേഷം 2021 ജൂലൈയിൽ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തിയപ്പോഴും പ്രഖ്യാപനം ആവർത്തിച്ചു. മേലേചൊവ്വ–കൂട്ടുപുഴ, കൂട്ടുപുഴ–മടിക്കേരി റോഡുകളുടെ വികസനത്തിന് ദേശീയപാത അതോറിറ്റിയുടെ ഇടപെടൽ വേഗത്തിലാക്കാൻ കൂട്ടായ ശ്രമമുണ്ടായാൽ അത് വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരുപോലെ ഗുണകരമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89875/modi-will-inaugurate-the-bengaluru-mysore-10-lane-road)