---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി"
english_title: "Muhammad Faisal was disqualified"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90250/muhammad-faisal-was-disqualified"
published_at: "2023-01-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c27bf8d2350_Picsart_23-01-14_15-16-23-842.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

> **Lead Summary:** **കണ്ണൂർ**: സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി ഉത്തരവിറക്കി. ലക്ഷദ്വീപിലെ കവരത്തി ജില്ലാ സെഷൻസ് കോടതി പത്തുവർഷത്തെ തടവിന് ശിക്ഷിച്ച ഫൈസൽ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

## Article Content

**കണ്ണൂർ**: സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി ഉത്തരവിറക്കി. ലക്ഷദ്വീപിലെ കവരത്തി ജില്ലാ സെഷൻസ് കോടതി പത്തുവർഷത്തെ തടവിന് ശിക്ഷിച്ച ഫൈസൽ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

ക്രിമിനൽ കേസിൽ രണ്ടുവർഷത്തിലധികം തടവിന് ശിക്ഷിച്ചാൽ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണമെന്നാണ് ചട്ടം. ഭരണഘടന അനുച്ഛേദം 102 (1)ഇ, ജനപ്രാതിനിധ്യനിയമത്തിന്റെ എട്ടാംവകുപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് അയോഗ്യതാ നടപടി. ഉത്തരവിന്റെ പകർപ്പ് ലോക്‌സഭാ സെക്രട്ടേറിയറ്റ്, തിരഞ്ഞെടുപ്പ് കമ്മിഷനും കൈമാറിയിട്ടുണ്ട്.

ആന്ത്രോത്ത് പോലീസ് 2009-ൽ രജിസ്റ്റർചെയ്ത കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ചെന്നായിരുന്നു കേസ്. സുപ്രീംകോടതിയുടെ 2013-ലെ വിധിപ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷംതന്നെ ഒരു എം.പി.ക്ക് അംഗത്വം നഷ്ടമാകും.

മുമ്പ് മൂന്നുമാസം അപ്പീൽ കാലാവധി അനുവദിച്ചിരുന്നു. അത് നിയമപരമായി ശരിയല്ലെന്നു കണ്ടായിരുന്നു സുപ്രീംകോടതിവിധി. ശിക്ഷാകാലാവധി പൂർത്തിയാകുന്നതുമുതൽ ആറുവർഷത്തേക്കുകൂടി അയോഗ്യതയുണ്ടാകുമെന്നാണ് നിയമം.കോടതി ശിക്ഷ വിധിച്ച ഈ മാസം 11 മുതൽ അയോഗ്യത ബാധകമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90250/muhammad-faisal-was-disqualified)