---
title: "ആറളം ഫാമിലെ തൊഴിലാളികൾ വീണ്ടും പണിമുടക്കിലേക്ക്."
english_title: "Aralam farm workers go on strike again."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90354/aralam-farm-workers-go-on-strike-again"
published_at: "2023-01-15T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c372bca625d_image_(6).jpg"
keywords: []
---

# ആറളം ഫാമിലെ തൊഴിലാളികൾ വീണ്ടും പണിമുടക്കിലേക്ക്.

> **Lead Summary:** **ഇരിട്ടി :** അഞ്ചുമാസമായി ശമ്പളം ഇല്ലാതെ പണിയെടുക്കുന്ന ആറളം ഫാമിലെ തൊഴിലാളികൾ വീണ്ടും പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി. എന്നിവ സംയുക്തമായി പണിമുടക്കിന് നോട്ടീസ് നൽകി. 20-ന് സൂചനാപണിമുടക്കും തുടർന്ന് അനിശ്ചിതകാല പണിമുടക്കിനുമാണ് യൂണിയനുകൾ തയ്യാറെടുക്കുന്നത്.

## Article Content

**ഇരിട്ടി :** അഞ്ചുമാസമായി ശമ്പളം ഇല്ലാതെ പണിയെടുക്കുന്ന ആറളം ഫാമിലെ തൊഴിലാളികൾ വീണ്ടും പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി. എന്നിവ സംയുക്തമായി പണിമുടക്കിന് നോട്ടീസ് നൽകി. 20-ന് സൂചനാപണിമുടക്കും തുടർന്ന് അനിശ്ചിതകാല പണിമുടക്കിനുമാണ് യൂണിയനുകൾ തയ്യാറെടുക്കുന്നത്.

മുടങ്ങിക്കടിക്കുന്ന വേതന കുടിശ്ശിക മുഴുവൻ നൽകുക, ഫാമിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള വേതന വിതരണം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ചു മാസങ്ങളിലായി 150-ൽ അധികം ദിവസം ജോലി ചെയ്ത തൊഴിലാളികൾക്ക് ആകെ ലഭിച്ചത് 5000 രൂപ മാത്രമാണ്. ഫാമിൽ സ്ഥിരം തൊഴിലാളികളും താത്കാലിക തൊഴിലാളികളും ജീവനക്കാരുമടക്കം 390 പേരാണുള്ളത്. തൊഴിലാളികളിൽ 200-ഓളം പേർ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. നിത്യച്ചെലവിനുള്ള വഴികണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഇവർ.

ഒരുമാസത്തെ ശമ്പളം മാത്രം നൽകാൻ 70 ലക്ഷത്തോളം രൂപ വേണം. അഞ്ചുമാസത്തെ വേതന കുടിശ്ശിക തീർക്കണമെങ്കിൽ 3.5കോടിയിലധികം രൂപ വേണം. പിരിഞ്ഞുപോയ സ്ഥിരം തൊഴിലാളികൾക്കും ജീവനക്കാർക്കുമായി നൽകാനുള്ള ബാധ്യത രണ്ട് കോടിയിലധികംവരും. ഇതിനുള്ള വരുമാനമൊന്നും ഫാമിൽ നിന്നും ലഭിക്കുന്നുമില്ല. ജീവനക്കാർക്കുള്ള പി.എഫ്. വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും നടക്കുന്നില്ല. ഇതിനുമാത്രമായി മൂന്ന് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ഫാം മാനേജ്‌മെന്റ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90354/aralam-farm-workers-go-on-strike-again)