---
title: "പൈലറ്റ് സീറ്റിലിരിക്കെ 17 വർഷം മുമ്പ് ഭർത്താവിനെ മരണം തട്ടിയെടുത്തു, ഇന്നലെ അഞ്ജുവിനെയും "
english_title: "Death took her husband 17 years ago while in the pilot's seat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90598/death-took-her-husband-17-years-ago-while-in-the-pilots-seat"
published_at: "2023-01-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4fb6217e9d_Picsart_23-01-16_12-44-02-157.jpg"
keywords: []
---

# പൈലറ്റ് സീറ്റിലിരിക്കെ 17 വർഷം മുമ്പ് ഭർത്താവിനെ മരണം തട്ടിയെടുത്തു, ഇന്നലെ അഞ്ജുവിനെയും 

> **Lead Summary:** **കാഠ്മണ്ഡു**: ഇന്നലെ എഴുപത്തിരണ്ടുപേരുമായി പടിഞ്ഞാറൻ നേപ്പാളിലെ ടൂറിസ്റ്റ് കേന്ദ്രമായ പൊഖാറയിൽ തകർന്നുവീണ വിമാനത്തിലെ സഹപൈലറ്റ് അഞ്ജു ഖതിവാഡയെയും ആദ്യ ഭർത്താവിനെപ്പോലെ മരണവിധി തേടിയെത്തിയത് വിമാനദുരന്തത്തിന്റെ രൂപത്തിൽ.

## Article Content

**കാഠ്മണ്ഡു**: ഇന്നലെ എഴുപത്തിരണ്ടുപേരുമായി പടിഞ്ഞാറൻ നേപ്പാളിലെ ടൂറിസ്റ്റ് കേന്ദ്രമായ പൊഖാറയിൽ തകർന്നുവീണ വിമാനത്തിലെ സഹപൈലറ്റ് അഞ്ജു ഖതിവാഡയെയും ആദ്യ ഭർത്താവിനെപ്പോലെ മരണവിധി തേടിയെത്തിയത് വിമാനദുരന്തത്തിന്റെ രൂപത്തിൽ.

അഞ്ജുവിന്റെ ആദ്യഭർത്താവ് ദീപക് പൊഖരേലും യതി എയർലൈൻസിന്റെ പൈലറ്റായിരുന്നു . ദീപക് പറത്തിയ വിമാനം 2006 ജൂൺ 21നാണ് തകർന്നുവീണത്. അപകടത്തിൽ ദീപക് ഉൾപ്പടെ പത്തുപേരാണ് മരിച്ചത്. ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹം കഴിച്ചു. പൈലറ്റായി തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച അഞ്ജു നേപ്പാളിലെ അതി ദുർഘടമായ വിമാനത്താവളങ്ങളിൽ വിജയകരമായി ലാൻഡിംഗ് നടത്തി ക്യാപ്ടൻ പദവിക്ക് തൊട്ടരികിൽ നിൽക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനം വിജയകരമായി നിലത്തിറക്കി കരിയറിലെ പുതിയ നേട്ടമായ ക്യാപ്ടൻ പദവി സ്വന്തമാക്കി അഭിനന്ദനം ഏറ്റുവാങ്ങേണ്ടിയിരുന്നപ്പോഴാണ് മരണം വില്ലനായത്.

ഇന്നലെ അപകടമുണ്ടായപ്പോൾ ക്യാപ്ടൻ കമൽ കെസിക്കൊപ്പം സഹ പൈലറ്റായിരുന്നു അഞ്ജു.ദീപക്കുമായുള്ള വിവാഹത്തിൽ അഞ്ജുവിന് 22വയസുള്ള ഒരു മകളുണ്ട്. രണ്ടാം വിവാഹത്തിൽ ഏഴുവയസുകാരനായ മകനുമുണ്ട്. ബിരാട് നഗറിലാണ് അഞ്ജുവിന്റെ മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്നത്.

വിമാനയാത്ര സുരക്ഷ ഏറ്റവും മോശമായ രാജ്യമാണ് നേപ്പാൾ. വിമാന ജീവനക്കാർക്ക് മതിയായ പരിശീലനമില്ലാത്തതാണ് പ്രധാന പ്രശ്നം. ഒപ്പം പഴക്കമേറിയ വിമാനങ്ങളും. ഇന്നലെ അപകടത്തിൽപ്പെട്ടത് പതിനഞ്ചുവർഷം പഴക്കമുള്ള വിമാനമാണ്. 2012 വരെ ഇന്ത്യയിൽ കിംഗ് ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്നതാണ്.

പിന്നീട് തായ്ലൻഡിലെ ഒരു വിമാനകമ്പനി വാങ്ങി ഉപയോഗിച്ചു. അവരിൽ നിന്ന് 2019ലാണ് യതി എയർലൈൻസ് ഈ വിമാനം വാങ്ങുന്നത്. അറ്റകുറ്റപ്പണികൾക്കായി കുറച്ചുനാൾ വിമാനം നിറുത്തിയിട്ടിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ അപകടത്തിൽ പെടുമ്പാേൾ വിമാനത്തിന് എന്തെങ്കിലും യന്ത്രത്തകരാർ ഉണ്ടായിരുന്നോ എന്ന വ്യക്തമല്ലെന്നാണ് യതി എയർലൈൻസിന്റെ വക്താക്കൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90598/death-took-her-husband-17-years-ago-while-in-the-pilots-seat)