---
title: "ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി"
english_title: "The Supreme Court has asked the Center to announce     "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90611/the-supreme-court-has-asked-the-center-to-announce"
published_at: "2023-01-16T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5047397bb3_images_(28).jpeg"
keywords: []
---

# ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

> **Lead Summary:** ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഹർജികളിൽ മാർച്ചിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

## Article Content

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഫെബ്രുവരി പതിനഞ്ചിനകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഹർജികളിൽ മാർച്ചിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഡൽഹി ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. അതിനാൽ സുപ്രീം കോടതി ഈ ഹർജികൾ പരിഗണിക്കുകയോ അല്ലെങ്കിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ചിനോട് ഈ വിഷയം പരിഗണിക്കാൻ നിർദേശിക്കുകയോ ചെയ്യാവുന്നതാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി തന്നെ ഈ ഹർജികൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തേക്കുറിച്ച് നാല് മാസങ്ങൾക്ക് മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

സാമൂഹികമായ അനന്തര ഫലം ഉണ്ടാക്കുന്ന വിഷയം കൂടിയാണിതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പടെയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90611/the-supreme-court-has-asked-the-center-to-announce)