---
title: "കണ്ണവം പുഴയ്ക്ക് കുറുകെ ബ്രിട്ടീഷുകാർ പണിത പാലത്തിന് 200 വർഷം പൂർത്തിയായി."
english_title: "It has been 200 years since the bridge built by the British across the Kannavam river."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90703/it-has-been-200-years-since-the-bridge-built-by-the-british-across-the-kannavam-river"
published_at: "2023-01-16T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c564ca718d5_image_(7).jpg"
keywords: []
---

# കണ്ണവം പുഴയ്ക്ക് കുറുകെ ബ്രിട്ടീഷുകാർ പണിത പാലത്തിന് 200 വർഷം പൂർത്തിയായി.

> **Lead Summary:** **ചിറ്റാരിപ്പറമ്പ് :** തലശ്ശേരി-ബാവലി പാതയിൽ ചിറ്റാരിപ്പറമ്പ്-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണവം പുഴയ്ക്ക് കുറുകെ ബ്രിട്ടീഷുകാർ പണിത പാലത്തിന് 200 വർഷം പൂർത്തിയായി.

## Article Content

**ചിറ്റാരിപ്പറമ്പ് :** തലശ്ശേരി-ബാവലി പാതയിൽ ചിറ്റാരിപ്പറമ്പ്-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണവം പുഴയ്ക്ക് കുറുകെ ബ്രിട്ടീഷുകാർ പണിത പാലത്തിന് 200 വർഷം പൂർത്തിയായി.

1823-ൽ മദ്രാസ് പയനിമേഴ്സാണ് പാലം നിർമിച്ചതെന്ന് പാലത്തിലെ ഫലകത്തിൽ കൊത്തിവെച്ചത് ഇപ്പോഴും കാണാം. പടയോട്ടങ്ങളും പലായനങ്ങളും ഏറെ കണ്ട കണ്ണവം പാലത്തിന് പ്രായമേറെയായങ്കിലും കരുത്തുചോരാതെ ഇന്നും നിലനിൽക്കുന്നു.

പാലം നിർമിക്കുന്ന കാലത്ത് രണ്ട് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ മലബാർ പ്രദേശത്ത് ഉണ്ടായിരുന്നില്ലെങ്കിലും 2002-ൽ കണ്ണവം പുഴയ്ക്ക് പുതിയ പാലം തുറക്കുന്നതുവരെ 30 ടൺ ഭാരമുള്ള ടിപ്പർ ലോറികൾ വരെ കടന്നുപോയത് കണ്ണവം പഴയ പാലത്തിൽ കൂടിയാണ്. ആധുനികകാലത്ത് നിർമിച്ച പല പാലങ്ങളും തകർന്നുവീണപ്പോൾ കണ്ണവത്തുകാരുടെ അഭിമാനമായിരുന്നു കണ്ണവം പാലം. ലോഹങ്ങളൊന്നുമില്ലാതെ കരിങ്കല്ല്, ചെങ്കല്ല്, ചുണ്ണാമ്പ്, ശർക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണ് പാലം നിർമിച്ചത്.

രണ്ട് ആർച്ചുകളായാണ് പാലം പണിതിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി മാറിനിൽക്കാനുള്ള സ്ഥലം പാലത്തിലുണ്ട്. രണ്ട് നൂറ്റാണ്ടുകളിലായി ഉണ്ടായ പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അതിജീവിച്ച്‌ തലയുയർത്തിനിൽക്കുകയാണ് ഇപ്പോഴും കണ്ണവം പാലം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90703/it-has-been-200-years-since-the-bridge-built-by-the-british-across-the-kannavam-river)