---
title: "നായയെയും പക്ഷിയേയും വളർത്തണമെങ്കിൽ ആയിരം രൂപ വരെ ലൈസൻസ് ഫീ, കാലാവധി ഒരു വർഷം, നിയമാവലി പരിഷ്‌കരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ"
english_title: "the rules to raise a license fee of up to one thousand rupees for keeping dogs and birds. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90783/the-rules-to-raise-a-license-fee-of-up-to-one-thousand-rupees-for-keeping-dogs-and-birds"
published_at: "2023-01-17T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c632c1649ab_images_(15).jpeg"
keywords: []
---

# നായയെയും പക്ഷിയേയും വളർത്തണമെങ്കിൽ ആയിരം രൂപ വരെ ലൈസൻസ് ഫീ, കാലാവധി ഒരു വർഷം, നിയമാവലി പരിഷ്‌കരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ

> **Lead Summary:**  തിരുവനന്തപുരം: നഗരസഭ പരിധിയിൽ നായ ഒഴികെയുള്ള വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഫീയായി 250 രൂപ നിശ്ചയിച്ച് കോർപ്പറേഷൻ. ഇതടക്കം നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് വളർത്തുമൃഗങ്ങളുടെ ലൈസൻസിനുള്ള കരട് നിയമാവലി കോർപ്പറേഷൻ പുനഃക്രമീകരിച്ചത്.

## Article Content

 തിരുവനന്തപുരം: നഗരസഭ പരിധിയിൽ നായ ഒഴികെയുള്ള വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഫീയായി 250 രൂപ നിശ്ചയിച്ച് കോർപ്പറേഷൻ. ഇതടക്കം നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് വളർത്തുമൃഗങ്ങളുടെ ലൈസൻസിനുള്ള കരട് നിയമാവലി കോർപ്പറേഷൻ പുനഃക്രമീകരിച്ചത്.

വളർത്തുനായ്ക്കളിൽ ലാർജ് ബ്രീഡുകൾക്ക് 1000, മീഡിയം ബ്രീഡിന് 750, ചെറു ബ്രീഡിന് 500, നാടൻ നായ്ക്കൾക്ക് 125 രൂപയും പക്ഷികൾക്ക് 1000 രൂപയുമാണ് ഫീസ്. ഒരു വർഷമാണ് ലൈസൻസ് കാലാവധി. പരാമാവധി ഒരാൾക്ക് രണ്ട് നായ്ക്കളെ വളർത്താമെന്നത് അഞ്ചായി ഉയർത്തി. അഞ്ചിലധികമായാൽ ഹോം ബ്രീഡേഴ്സ് ഷെൽട്ടറെടുക്കണം.

എൻ.ജി.ഒ, മൃഗസ്‌നേഹികൾ, അവശനിലയിലുള്ള നായ്ക്കളെ പരിപാലിക്കുന്നവരെ ലൈസൻസിൽ നിന്നൊഴിവാക്കും. എന്നാൽ, മൃഗസംരക്ഷണ പരിപാലന കേന്ദ്രങ്ങൾക്കുള്ള ലൈസൻസ് ഇവർ നേടിയിരിക്കണം. നഗരപരിധിയിലെ തെരുവുനായ്ക്കളുടെ സെൻസസെടുക്കാനും തീരുമാനമായി. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള സന്നദ്ധസംഘടന സൗജന്യമായി വിവരങ്ങൾ ശേഖരിക്കും. എല്ലാ വാർഡുകളിലും സർവേ നടത്തി നായ്ക്കൾക്ക് വാക്സിൻ നൽകും.

2390 തെരുവുനായ്ക്കൾക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. സർവേയുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവയ്ക്കും വാക്സിൻ നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90783/the-rules-to-raise-a-license-fee-of-up-to-one-thousand-rupees-for-keeping-dogs-and-birds)