---
title: "19ാമത് സംസ്ഥാന മൗണ്ടൈയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം"
english_title: "The 19th State Mountain Cycling Championship begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90806/the-19th-state-mountain-cycling-championship-begins"
published_at: "2023-01-17T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c64ab3929d4_Picsart_23-01-17_12-33-25-404.jpg"
keywords: []
---

# 19ാമത് സംസ്ഥാന മൗണ്ടൈയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

> **Lead Summary:**  **കല്‍പ്പറ്റ: **19ാമത് സംസ്ഥാന മൗണ്ടൈയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് വയനാട്ടില്‍ ആവേശ തുടക്കം. ആറ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായാണ് വയനാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഴ് പോയിന്റുള്ള കോട്ടയം രണ്ടാമതും അഞ്ച് പോയിന്റുള്ള തിരുവനന്തപുരം, ഇടുക്കി എന്നിവര്‍ മൂന്നാമതുമാണ്.

## Article Content

 **കല്‍പ്പറ്റ: **19ാമത് സംസ്ഥാന മൗണ്ടൈയ്ന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് വയനാട്ടില്‍ ആവേശ തുടക്കം. ആറ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായാണ് വയനാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഴ് പോയിന്റുള്ള കോട്ടയം രണ്ടാമതും അഞ്ച് പോയിന്റുള്ള തിരുവനന്തപുരം, ഇടുക്കി എന്നിവര്‍ മൂന്നാമതുമാണ്.

രാവിലെ ഒന്‍പതോടെ മത്സരങ്ങള്‍ ആരംഭിച്ചു. കൗമരാക്കാരും യുവാക്കളുമായിരുന്നു ആദ്യ ദിനം മത്സരത്തില്‍ പങ്കെടുത്തത്. പുരുഷ--വനിതാവിഭാഗം മത്സരം ഇന്ന് നടക്കും. പെരുന്തട്ടയിലെ മലനിരകളുടെ ഇടയിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമായിരുന്നു രണ്ടര കിലോമീറ്ററില്‍ മത്സരം നടന്നത്. വിവിധ ജില്ലകളില്‍നിന്നായി 250 സൈക്കിള്‍ താരങ്ങള്‍ പങ്കെടുത്തു.

ആണ്‍--പെണ്‍ വിഭാഗങ്ങളിലായി അണ്ടര്‍ 14, 16, 18, 23 വിഭാഗങ്ങളിലും പുരുഷ- വനിതാ വിഭാഗങ്ങളിലുമായാണ് മത്സരം. ചാമ്പ്യന്‍ഷിപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷനായി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കേരള സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി ബി ജയപ്രസാദ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍, സി.പി സൈലേഷ്, പി.കെ സുബാഷ്, രാജാ റാണി, എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ് സുധീഷ്‌കുമാര്‍ സ്വാഗതവും ജില്ലാ സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90806/the-19th-state-mountain-cycling-championship-begins)