---
title: "എയർബാഗ് കൺട്രോളിൽ തകരാർ ;മാരുതി സുസുക്കിയുടെ കാറുകൾ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു"
english_title: "Airbag control fault"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91003/airbag-control-fault"
published_at: "2023-01-18T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7a1b081ed5_IMG-20230118-WA0068.jpg"
keywords: []
---

# എയർബാഗ് കൺട്രോളിൽ തകരാർ ;മാരുതി സുസുക്കിയുടെ കാറുകൾ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു

> **Lead Summary:** മാരുതി സുസുക്കിയുടെ കാറുകൾ പരിശോധനയ്ക്കായി വീണ്ടും തിരിച്ചുവിളിക്കുന്നു. എയർബാഗ് കൺട്രോളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 17,362 വാഹനങ്ങളാണ് മാരുതി തിരിച്ച് വിളിച്ചിരിക്കുന്നത്. മാരുതിയുടെ എൻട്രി ലെവൽ വാഹനമായ ആൾട്ടോ കെ10, എസ്-പ്രെസോ, ഇക്കോ, ബലേനൊ, ബ്രെസ, ഏറ്റവുമൊടുവിൽ നിരത്തുകളിലെത്തിയ ഗ്രാന്റ് വിത്താര തുടങ്ങിയ വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം.

## Article Content

മാരുതി സുസുക്കിയുടെ കാറുകൾ പരിശോധനയ്ക്കായി വീണ്ടും തിരിച്ചുവിളിക്കുന്നു. എയർബാഗ് കൺട്രോളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 17,362 വാഹനങ്ങളാണ് മാരുതി തിരിച്ച് വിളിച്ചിരിക്കുന്നത്. മാരുതിയുടെ എൻട്രി ലെവൽ വാഹനമായ ആൾട്ടോ കെ10, എസ്-പ്രെസോ, ഇക്കോ, ബലേനൊ, ബ്രെസ, ഏറ്റവുമൊടുവിൽ നിരത്തുകളിലെത്തിയ ഗ്രാന്റ് വിത്താര തുടങ്ങിയ വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം.

2022 ഡിസംബർ എട്ട് മുതൽ 2023 ജനുവരി 12 വരെയുള്ള കാലയളവിൽ നിർമിച്ചിട്ടുള്ള വാഹനങ്ങളിലെ എയർബാഗ് കൺട്രോൾ യൂണിറ്റിലാണ് തകരാർ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകൾ. പ്രധാനമായും പരിശോധനകൾക്കായാണ് വാഹനങ്ങൾ തിരിച്ച് വിളിച്ചിരിക്കുന്നത്. അതേസമയം, തകരാർ കണ്ടെത്തുകയാണെങ്കിൽ ഇത് സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണ് മാരുതി സുസുക്കി ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്.

വളരെ ചുരുക്കമായി മാത്രമേ എയർബാഗ് കൺട്രോൾ സംവിധാനത്തിന് തകരാർ സംഭവിക്കൂ. അതേസമയം, ഈ തകരാറുള്ള വാഹനത്തിന് അപകടമുണ്ടായാൽ എയർബാഗും സീറ്റ് ബെൽറ്റ് പ്രീടെൻഷനറുകളും പ്രവർത്തിക്കില്ലെന്നാണ് വിലയിരുത്തലുകൾ. തകരാർ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകളെ കമ്പനിയുടെ അധികൃതരോ ഡീലർഷിപ്പ് ജീവനക്കാരോ ഇക്കാര്യം അറിയിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91003/airbag-control-fault)