---
title: "കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കു പ്രവേശനം നൽകണം : ഡോ. ബിജു"
english_title: "Students from other states should be admitted in engineering colleges in Kerala: Dr. Biju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91161/students-from-other-states-should-be-admitted-in-engineering-colleges-in-kerala-dr-biju"
published_at: "2023-01-19T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8d4144f85b_IMG-20230119-WA0031.jpg"
keywords: []
---

# കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കു പ്രവേശനം നൽകണം : ഡോ. ബിജു

> **Lead Summary:**  കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്ന പതിനായിരക്കണക്കിനു സീറ്റുകളിൽ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കു പ്രവേശനം നൽകണമെന്ന് ജെ ഡി യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ സംസ്ഥാന സർക്കാരിനോട് ആവിശ്യപ്പെട്ടു. മികച്ച സൗകര്യങ്ങളുള്ള ഇരുനൂറോളം എഞ്ചിനീയറിംഗ് കോളേജുകൾ ആവിശ്യത്തിനു കുട്ടികളെ കിട്ടാത്തതു മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

## Article Content

 കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്ന പതിനായിരക്കണക്കിനു സീറ്റുകളിൽ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കു പ്രവേശനം നൽകണമെന്ന് ജെ ഡി യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ സംസ്ഥാന സർക്കാരിനോട് ആവിശ്യപ്പെട്ടു. മികച്ച സൗകര്യങ്ങളുള്ള ഇരുനൂറോളം എഞ്ചിനീയറിംഗ് കോളേജുകൾ ആവിശ്യത്തിനു കുട്ടികളെ കിട്ടാത്തതു മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

വിവിധ എഞ്ചിനീയറിംഗ് കോളേജുക ളിലായി ഒരു ലക്ഷത്തോളം സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല കോളേജുകളും നഷ്ടം മൂലം അടച്ചുപൂട്ടാൻ മാനേജുമെന്റുകൾ സർവ്വകലാശാലയുടെ അനുമതി തേടിയിരിക്കുകയാണ്. എച്ച്.എം.എസ്. -ന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ് അസ്സോസ്സിയേഷൻ സംസ്ഥാന തല രൂപീകരണ യോഗം ചങ്ങനാശ്ശേരിയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു ഡോ. കൈപ്പാറേടൻ .

ഒരു എഞ്ചിനീയറിംഗ് കോളേജ് പൂർണ്ണമായ തോതിൽ അഡ്മിഷൻ നടത്തി തുറന്നു പ്രവർത്തിച്ചാൽ അനുബന്ധമായി ഒട്ടനവധി ചെറുകിട സംരംഭങ്ങളും തൊഴിൽ സാദ്ധ്യതകളും ആ നാട്ടിലുണ്ടാവും. വിദ്യാർത്ഥികളിൽ നിന്ന് കോളേജിനു മാത്രമല്ല നാട്ടിലെ നിരവധി സംരംഭങ്ങൾക്കും വരുമാനം ലഭ്യമാകുമെന്ന് കൈപ്പാറേടൻ ചൂണ്ടിക്കാട്ടി. കോളേജുകളോട് അനുബന്ധിച്ച് നാട്ടിൽ മെച്ചപ്പെട്ട രീതിയിൽ റോഡുകളുണ്ടാവും.

മികച്ച വാഹന ഗതാഗത സൗകര്യങ്ങൾ വന്നെത്തും. ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ നൽകുന്ന പുതിയ ചെറുകിട സംരംഭങ്ങൾ നാട്ടിൽ ഉയർന്നുവരും. കോടികളുടെ നിക്ഷേപത്തിലൂടെയാണ് ഓരോ എഞ്ചിനീയറിംഗ് കോളേജും പടുത്തുയർത്തിയിരിക്കുന്നത്. ഇവയിൽ പലതും കുട്ടികൾ ഇല്ലാത്തതു മൂലം കാലിയായിക്കിടക്കുകയാണെന്ന് ന്ന് ഡോ. കൈപ്പാറേടൻ പറഞ്ഞു. ഈ കോളേജുകൾ പൂർണ്ണമായ തോതിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ അദ്ധ്യാപകരായും അനദ്ധ്യാപകരായും നൂറുകണക്കിന് ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും.

അഫിലിയേഷൻ ഫീസിനത്തിൽ ടെക്നിക്കൽ സർവ്വകലാശാലയ്ക്കും നല്ല വരുമാനം കിട്ടിയിരുന്നു. ഇതെല്ലാം വികലമായ പിന്തിരിപ്പൻ നയങ്ങൾ മൂലം ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദേശ സ്വകാര്യ സർവ്വകലാശാലകൾ കൊണ്ടുവരികയല്ല വേണ്ടത്. മറിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഴിയുമെങ്കിൽ ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളിൽ നിന്നും കുട്ടികളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് വേണ്ടതെന്ന് ഡോ.ബിജു കൈപ്പാറേടൻ ചൂണ്ടിക്കാട്ടി. ഡോ. ജോസ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. പുന്നൻ വേങ്കടത്ത്, വിൻസെന്റ് ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91161/students-from-other-states-should-be-admitted-in-engineering-colleges-in-kerala-dr-biju)