---
title: "പാലം നിർമാണവുമായി ബന്ധപ്പെട്ട്‌ സർവേ തുടങ്ങി."
english_title: "A survey has been started regarding the construction of the bridge."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91694/a-survey-has-been-started-regarding-the-construction-of-the-bridge"
published_at: "2023-01-22T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc7c08712a1_image_(18).jpg"
keywords: []
---

# പാലം നിർമാണവുമായി ബന്ധപ്പെട്ട്‌ സർവേ തുടങ്ങി.

> **Lead Summary:** **മയ്യഴി:** കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കല്ലാച്ചേരിക്കടവിന് പാലം നിർമാണവുമായി ബന്ധപ്പെട്ട്‌ സർവേ തുടങ്ങി. പ്രദേശവാസികൾ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാലമാണിത്.

## Article Content

**മയ്യഴി:** കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കല്ലാച്ചേരിക്കടവിന് പാലം നിർമാണവുമായി ബന്ധപ്പെട്ട്‌ സർവേ തുടങ്ങി. പ്രദേശവാസികൾ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാലമാണിത്.

സർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കെ.പി. മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കടവ് പരിസരത്തെത്തി. അനുബന്ധ റോഡിന്റെ നിർമാണമാണ് പ്രധാന പ്രശ്നം. റോഡ് കടന്നുപോകുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി ഉടമകളുടെ സാന്നിധ്യത്തിൽ നടന്നു. എത്ര സ്ഥലം വിട്ടുനൽകേണ്ടിവരും എന്നതിലാണ് സ്ഥലമുടമകളിൽ ചിലർക്ക് ആശങ്ക. സ്ഥലം വിട്ടുന ൽകുന്നമുറയ്ക്ക് പാലം നിർമാണം തുടങ്ങും. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ഈ പാലത്തിന്റെ നിർമാണത്തിനായി കഴിഞ്ഞ ബജറ്റിൽ 10.14 കോടി രൂപ അനുവദിച്ചിരുന്നു.

ആ സമയത്ത് തന്നെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. പ്രാദേശികമായ തടസ്സങ്ങൾ കാരണം തുടർപ്രവർത്തനങ്ങൾ നിലച്ചു. പിന്നീട് പാലം യാഥാർഥ്യമാക്കുന്നതിനായി ജനകീയപ്രവർത്തനങ്ങൾ നടന്നു. സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം പരിഗണനയിലുണ്ട്. ഇതിനായി സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർക്കും . കടവത്തൂർ ഇരഞ്ഞീൻകീഴിൽ-കല്ലാച്ചേരി കടവ് റോഡ് വികസനത്തിനാവും തുടർന്നുള്ള പരിഗണന. കെ.ആർ.എഫ്.ബി. എക്സി. എൻജിനിയർ ഷിബു കൃഷ്ണരാജ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. തങ്കമണി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അലി, തെക്കയിൽ സെഖീന, പാലം വിഭാഗം അസി. എക്സി. എൻജിനിയർ കെ. സജിത്ത് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91694/a-survey-has-been-started-regarding-the-construction-of-the-bridge)