---
title: "സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന"
english_title: "Big increase in gold prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9205/big-increase-in-gold-prices"
published_at: "2021-11-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61863337eb1e2_images (2).jpeg"
keywords: []
---

# സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണത്തിന്‍റെ വില ഒറ്റയടിക്ക് 36,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36080 രൂപയാണ്. ഗ്രാമിന്റെ വില 40 രൂപ ഉയര്‍ന്ന് 4510 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളിലേക്ക് എത്തുന്നത്.

## Article Content

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണത്തിന്‍റെ വില ഒറ്റയടിക്ക് 36,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36080 രൂപയാണ്. ഗ്രാമിന്റെ വില 40 രൂപ ഉയര്‍ന്ന് 4510 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളിലേക്ക് എത്തുന്നത്.

ദീപാവലിയെ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണുന്നത്. 'ധന്‍തേരസ്' ദിനത്തില്‍ രാജ്യ വ്യാപകമായി 7500 കോടിയുടെ സ്വർണവിൽപനയാണ് നടന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2000 കോടി രൂപയുടെ വിൽപനയാണ് 'ധന്‍തേരസ്' ദിനത്തില്‍ നടന്നത്.

വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. വ്യാഴാഴ്ചവരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് വില ഉയർന്ന് പവന് 35,840 രൂപയായി. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്.

ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില. യു എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9205/big-increase-in-gold-prices)