കൊച്ചി : മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവുമായി ജലസേചന വകുപ്പ്. രണ്ടു പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കണ്ടെത്തിയതോടെയാണ് വകുപ്പിന്‍റെ വേഗത്തിലുള്ള നീക്കം. ഇതിനായി തകര്‍ന്നുപോയ സ്ഥലത്ത് പുതിയ കോണ്‍ക്രീറ്റ് ചാലുണ്ടാക്കാനുള്ള പ്രവൃത്തികൾ തുടങ്ങി.
കനാല്‍ തകര്‍ന്ന ഭാഗത്തെ 15 മീറ്ററോളം കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴക്കിവിടാനായിരുന്നു ആദ്യം ആലോചിച്ചത്. ഭൂ ഘടനയിലുള്ള വത്യാസം മുലം മാറാടി പഞ്ചായത്തിന്‍റെ പകുതിയിലേറെ സ്ഥലങ്ങളില്‍ ഇങ്ങനെ ഒഴുക്കിവിട്ടാല്‍ വള്ളം കിട്ടില്ലെന്ന് ഉറപ്പായതോടെ തീരുമാനം മാറ്റി. തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റിന്‍റെ അടിത്തറയുണ്ടാക്കി പുനര്‍നിര്‍മ്മിക്കാനാണ് ഇപ്പോഴത്തെ ധാരണ. മണ്ണിന്‍റെ ഉറപ്പ് പരിശോധിച്ച് കുഴപ്പമില്ലെന്ന് വ്യക്തമായതോടെ പണി തുടങ്ങി. മുന്നാഴ്ച്ചക്കുള്ളില്‍ ഇടിഞ്ഞുപോയ ഭാഗം പുനര്‍ നിര്‍മ്മിക്കനാണ് ജലസേചന വകുപ്പിന്‍റെ ശ്രമം. അതിലും വൈകിയാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്നമടക്കമുണ്ടാകുമെന്ന് മാറാടി അരക്കുഴ പഞ്ചായത്തുകള്‍ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
കനാലിന്‍റെ മറ്റെവിടെയെങ്കിലും വിള്ളലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നാലു ദിവസത്തിനുള്ളില്‍ ഈ പരിശോധന പൂർത്തിയാക്കാനാണ് ജലസേചനവകുപ്പുദ്യോഗസ്ഥരുടെ നീക്കം. പണിക്കും പരിശോധനക്കും നിലവിൽ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ല. എന്നാൽ ഫണ്ട് അനുവദിക്കുന്നതിനായി കാത്ത് നിൽക്കാതെ നിർമ്മാണ പ്രവർത്തിയുമായി മുന്നോട്ട് പോകാനാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
Water will flow through the broken canal in Pandapally within three weeks