---
title: "പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിർമിച്ച ഭീമൻ താറാവ് കൂട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു"
english_title: "The giant duck nest made by Pilikod amazes the viewers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92988/the-giant-duck-nest-made-by-pilikod-amazes-the-viewers"
published_at: "2023-01-28T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4ea5e351d5_Screenshot_2023-01-28-14-43-03-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിർമിച്ച ഭീമൻ താറാവ് കൂട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു

> **Lead Summary:** **പിലിക്കോട്**: കേരള കാർഷിക സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിർമിച്ച ഭീമൻ താറാവ് കൂട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ഫാം ടൂറിസത്തിന് പ്രാധാന്യമേകിയാണ് കേന്ദ്രത്തിലെ വയലിനോട് ചേർന്ന് കൂടൊരുക്കിയത്.

## Article Content

**പിലിക്കോട്**: കേരള കാർഷിക സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിർമിച്ച ഭീമൻ താറാവ് കൂട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ഫാം ടൂറിസത്തിന് പ്രാധാന്യമേകിയാണ് കേന്ദ്രത്തിലെ വയലിനോട് ചേർന്ന് കൂടൊരുക്കിയത്.

സംയോജിത-ജൈവകൃഷികളെ പ്രോൽസാഹിപ്പിക്കാനായി നെല്ല്, താറാവ്, മൽസ്യകൃഷികൾ ചേർത്ത് വച്ച് ഉൽപാദന ഉപാധി കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 12 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവും ആറ് മീറ്റർ വീതിയുമുള്ള വലിയ താറാവ് കൂട് നിർമിച്ചിട്ടുള്ളത്. 150 താറാവുകളെ വളർത്താൻ സൗകര്യമുള്ള തരത്തിലാണ് താറാവ് കൂടി ഒരുക്കിയത്.

വിനോദ സഞ്ചാരികൾ, യുവതീ-യുവാക്കൾ, കർഷകർ തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും സംയോജിത-ജൈവ കൃഷിയിലേക്ക് ആകർഷിക്കാമെന്ന് അധികൃതർ കരുതുന്നു. പിലിക്കോട് കേന്ദ്രത്തിലെ നെൽവയലിനോട് ചേർന്നാണ് ഭീമൻ കൂട് സ്ഥാപിച്ചിട്ടുള്ളത്. സിമൻ്റ്, കമ്പി, ഇരുമ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് നിർമിച്ച താറാവിൻ്റെ ചിറകുകളും കഴുത്തും കൊക്കും മറ്റു ഭാഗങ്ങളും മൽസ്യവും സിമൻ്റും പൂഴിയും മാത്രം ഉപയോഗിച്ചത്.

മഴയിൽ പായൽ പിടിക്കാത്ത തരത്തിലുള്ള നിറങ്ങളാണ് നൽകിയിട്ടുള്ളത്. മിനുക്കു പണികൾ കൂടി ബാക്കിയുള്ള താറാവ് കൂട് ഫാം കാർണിവലിൽ പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമേർപ്പെടുത്തും. താറാവ് കൂടിന് തൊട്ടടുത്തുള്ള കുളത്തിനോട് ചേർന്ന് സെൽഫി പോയിൻ്റും ഒരുക്കുന്നുണ്ട്. കൃഷി പ്രോൽസാഹനത്തോടൊപ്പം ഫാം ടൂറിസം എന്ന കാഴ്ചപ്പാടും വലിയ കൂട് നിർമിച്ചതിന് പിന്നിലുണ്ടെന്ന് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി.വനജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92988/the-giant-duck-nest-made-by-pilikod-amazes-the-viewers)